തിരുവനന്തപുരം: കേരളത്തിലെ ഭൂപതിവ് ചട്ട ഭേദഗതി ബിൽ ഈ മാസം ഏഴിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും അവതരിപ്പിച്ചേക്കില്ല. ഇത്തവണ നിയമസഭയുടെ പരിഗണനയ്ക്ക് വച്ചിരിക്കുന്ന 19 ബില്ലുകളിൽ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് ഉൾപ്പെടുത്താത്തതാണ് കാരണം. 1964 ലെയും 1993 ലെയും ഭൂ പതിവ് ചട്ടങ്ങളുടെ ഭേദഗതി വേഗത്തിൽ നടപ്പാക്കാൻ 2023 ജനുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായിരുന്നു.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായില്ല. ഓഗസ്റ്റിലെ നിയമസഭ സമ്മേളനത്തിൽ ബിൽ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ജൂണിൽ ഇടുക്കി കളക്ട്രേറ്റിൽ നടന്ന സർവകക്ഷി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇക്കുറിയും അതുണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്.