കുമരകം: ബൈക്ക് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ. വൈക്കം കൈപ്പുഴമുട്ട് കിടങ്ങയിൽ വീട്ടിൽ പ്രവീൺ (41) നെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കോട്ടയം ഭാഗത്ത് നിന്നും കൈപ്പുഴമുട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന യുവതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തിരുന്ന ബൈക്കിനെ പിന്തുടർന്നെത്തി ഇവരെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും യുവതിയെ അടിക്കുകയുമായിരുന്നു.
യുവതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇയാൾ അസഭ്യം പറഞ്ഞത്. ഇതിനുശേഷം ഇയാൾ ഇവർ യാത്ര ചെയ്തിരുന്ന ബൈക്കിന്റെ താക്കോലെടുത്ത്എറിയുകയും ചെയ്തു. പരാതിയെ തുടർന്ന് കുമരകം പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടി.കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐമാരായ സുരേഷ്, വിനോദ്, മനോജ്, എ.എസ്.ഐ സുനിൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.