പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി

ഭില്‍വാര: രാജസ്ഥാനില്‍ പതിനാലുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊന്നു. ഭിൽവാര ജില്ലയിലെ നൃസിംഗ്പുര ഗ്രാമത്തിൽ നിന്നുള്ള പെണ്‍കുട്ടിയെയാണ് ഇഷ്ടികച്ചൂളയിലിട്ട് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് ബുധനാഴ്ച അറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. രാവിലെ വീട്ടിൽ നിന്ന് കന്നുകാലികളെ മേയ്ക്കാൻ പോയ ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. ഉച്ച കഴിഞ്ഞ് കന്നുകാലികള്‍ തിരിച്ചെത്തിയപ്പോള്‍ അവയ്ക്കൊപ്പം പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ രാത്രി പത്തു മണിയോടെ ഇഷ്ടികച്ചൂളക്ക് സമീപം എന്തോ കത്തുന്നത് ശ്രദ്ധയില്‍ പെട്ട കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. അവിടെ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ”പെണ്‍കുട്ടിയുടെ കൊലുസും ചെരിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ചൂളയിൽ നിന്ന് കണ്ടെത്തിയ അസ്ഥികളുടെ സാമ്പിളുകളുടെ ഡിഎൻഎ പരിശോധനയും നടത്തുമെന്ന്” ഭില്‍വാര പൊലീസ് സൂപ്രണ്ട് (എസ്പി) ആദർശ് സിന്ധു പറഞ്ഞു.

Leave A Reply