കായംകുളം: കായംകുളത്തിന്റെ അടയാളമായി ദേശീയ പാതയോരത്ത് തലഉയർത്തി നിന്നിരുന്ന വാട്ടർ ടാങ്ക് ഓർമ്മയായി.ദേശീത പാത വികസനത്തിന്റെ ഭാഗമായാണ് കല്ലുംമൂട്ടിൽ കെ.പി.എ.സിയ്ക്ക് തെക്കുവശം ഉണ്ടായിരുന്ന ജല അതോറിട്ടിയുടെ വാട്ടർ ടാങ്ക് ഇന്നലെ ഉച്ചയോടെ പൊളിച്ചത്. ദേശീയ പാതയിലൂടെ യാത്രചെയ്യുന്നവർക്ക് കായംകുളത്തിന്റെ അടയാളമായിരുന്നു ഇത്. തെക്കുനിന്നും വരുന്നവർ വാട്ടർ ടാങ്ക് കാണുമ്പോൾ ഉറപ്പിയ്ക്കും കായംകുളം എത്തിയെന്ന്. വടക്കോട്ട് പോകുന്നവർക്കും കായംകുളം കഴിയുന്നതിന്റെ അടയാളമായിരുന്നു ഇത്.
അറുപത് വർഷത്തെ പഴക്കമുണ്ട് വാട്ടർ ടാങ്കിന്.1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായ വർഷത്തിൽ പിറവിയെടുത്തതാണ് ഇത്. ആദ്യകാലത്ത് കുഴൽ കിണറിൽ നിന്നുവള്ള വെള്ളം പമ്പ് ചെയ്ത് കയറ്റിയാണ് പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നത്. പിന്നീട് കായംകുളം ആറാട്ടുപുഴ ശുദ്ധജല പദ്ധതി സുനാമിക്ക് ശേഷം കമ്മീഷൻ ചെയ്തതോടെ മാവേലിക്കരയിൽ അച്ചൻ കോവിലാറ്റിൽ നിന്നും കൊണ്ടുവരുന്ന ജലം പത്തിയൂരിലെ ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷം കായംകുളത്തും ആറാട്ടുപുഴയിലും വിതരണം ചെയ്യുകയായിരുന്നു.
ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുത്തതോടെ ടാങ്ക് പൊളിക്കേണ്ട സാഹചര്യം വന്നു. അതോടെ ജല അതോറിട്ടി ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്യാതെ നേരിട്ട് ലൈനുകളിലേക്ക് ബന്ധിപ്പിക്കുകയായിരുന്നു. ടാങ്ക് പോയാലും കുടിവെള്ള വിതരണം തടസപ്പെടില്ല. ദേശീയ പാത അധികൃതരാണ് അപകടം ഒന്നും കൂടാതെ ടാങ്ക് പൊളിച്ചത്. ടാങ്ക് നിലം തൊടുന്ന കാഴ്ച കാണാൻ നിരവധി പേർ എത്തിയരുന്നു. പുതിയ ടാങ്ക് നിർമ്മാണം സംബന്ധിച്ച ജല തീരുമാനം എടുത്തിട്ടില്ല.
നാലര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയാണ് പൊളിച്ചുനീക്കിയത്. ദേശീയപാത കരാറുകാരായ വിശ്വസമുദ്ര യുടെ എൻജിനിയറിംഗ് വിഭാഗമാണ് സംഭരണി പൊളിച്ചുമാറ്റിയത്.ഹൈഡ്രോളിക് ഹാമർ ഡിമോളിഷിംഗ് രീതിയിലാണ് പൊളിച്ചുമാറ്റൽ നടന്നത്. സമീപത്തെ സ്ഥാപനങ്ങൾക്കും വീടുകൾക്കും കേടുവരാതെ സംഭരണി നിലനിന്നിരുന്ന സ്ഥലത്ത് തന്നെയാണ് നിലംപതിച്ചത്.
ഒരു വശത്തെ എട്ട് പില്ലറുകളുടെ കോൺഗ്രീറ്റ് പാളി അടർത്തികളഞ്ഞ ശേഷം സ്റ്റീൽ വടവും ക്രയിനും ഉപയോഗിച്ചാണ് ജലസംഭരണി പൂർണമായും നിലംപൊത്തിച്ചത്.