ഡല്‍ഹി: മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെൻ്റിൻ്റെ ഇരു സഭകളും പ്രക്ഷുബ്ധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. സഭാ സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ ചർച്ചയ്ക്ക് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ഉയർത്തിയാകും പ്രതിപക്ഷം പ്രതിഷേധിക്കുക. സമയ പരിധിയില്ലാതെ ചർച്ച നടത്തുമെന്ന് രാജ്യസഭാ ചെയർമാൻ പ്രഖ്യാപിച്ചെങ്കിലും തിയ്യതി സംബന്ധിച്ച് ധാരണയിൽ എത്താൻ ഇത് വരെ സാധിച്ചിട്ടില്ല. മണിപ്പൂരിന് പുറമെ ഹരിയാനയിലും ആവർത്തിക്കുന്ന സംഘർഷങ്ങൾ ചർച്ചാ വിഷയമാക്കി പാർലമെൻ്റിൻ്റെ ഇരു സഭകളിലും ഉയർത്തിക്കൊണ്ടു വരാനാണ് പ്രതിപക്ഷ നീക്കം. വിവിധ എംപിമാർ സമർപ്പിച്ച സ്വകാര്യ ബില്ലുകൾ ആകും ഇന്ന് പാർലമെൻ്റിൻ്റെ ഇരു സഭകളിലും ചർച്ചയ്ക്ക് എടുക്കുക.
മണിപ്പൂർ വിഷയത്തിൽ സമയപരിധി ഇല്ലാതെ ചർച്ച നടത്താമെന്ന രാജ്യസഭാ ചെയർമാന്‍റെ ഉറപ്പിലാണ് പ്രതിപക്ഷം വഴങ്ങിയത്. പത്ത് ദിവസം സഭാ നടപടികൾ സ്തംഭിച്ചതിന് ശേഷമാണ് രാജ്യസഭയിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് വഴി ഒരുങ്ങുന്നത്. പ്രതിപക്ഷത്തിന് നിർബന്ധ ബുദ്ധി ഇല്ലെന്നും സഭാ നടപടികൾ തടസപ്പെടുന്നത് അവസാനിപ്പിക്കണം എന്നും തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രെയിൻ ആവശ്യപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ ചർച്ച ചെയ്യാൻ സമയ പരിധി ഉണ്ടാകില്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.