മന്ത്രി ആർ.ബിന്ദുവിനു നേരെ കിളിമാനൂരിലും നെടുമങ്ങാട്ടും കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധം

കിളിമാനൂർ/നെടുമങ്ങാട്: സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ പട്ടികയിൽ അയോഗ്യരായവരെ തിരുകിക്കയറ്റി പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടത്തിയെന്നാരോപിച്ച് മന്ത്രി ആർ.ബിന്ദുവിനു നേരെ കിളിമാനൂരിലും നെടുമങ്ങാട്ടും കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധം. കിളിമാനൂർ ശ്രീശങ്കരാ കോളേജിലെ പരിപാടിക്കെത്തി മടങ്ങുമ്പോഴാണ് കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്. കിളിമാനൂർ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കിയ ആദേഷ് സുധർമൻ, ആദർശ്.എസ്, മാനസ്.എം, ടി.ദീപുരാജ് തുടങ്ങിയവരെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

നെടുമങ്ങാട് ഗവ.കോളേജിൽ അക്കാഡമിക് ബ്ലോക്കിന്റെയും വനിതാഹോസ്റ്റലിന്റെയും ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വാളിക്കോടിന് സമീപത്തു വച്ച് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുട്ടൻ നെടുമങ്ങാട്,കെ.എസ്.യു നെടുമങ്ങാട് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അഭിജിത്ത് മഞ്ച,ജെറി,ജിത്തു ചെരുപ്പുക്കോണം തുടങ്ങിയവരാണ് മന്ത്രിക്കുനേരെ പ്രതിഷേധവുമായെത്തിയത്. പരിപാടിക്ക് ശേഷം വീണ്ടും കരിങ്കൊടി കാണിക്കാൻ ശ്രമിച്ച രണ്ട് കെ.എസ്.യു പ്രവർത്തകരെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തു.

Leave A Reply