ലാ അക്കാഡമിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷ പരമ്പരയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാകില്ലെന്ന നിലപാടിൽ പേരൂർക്കട പൊലീസ്
പേരൂർക്കട: ലാ അക്കാഡമിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷ പരമ്പരയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാകില്ലെന്ന നിലപാടിൽ പേരൂർക്കട പൊലീസ്. നിലവിൽ കെ.എസ്.യു പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും തിരിച്ചും പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം മുൻ എം.എൽ.എയും സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ എൻ.രാജന്റെ മകനും അക്കാഡമി വിദ്യാർത്ഥിയുമായ ഗോവിന്ദരാജിനെ കാമ്പസിൽ ക്രൂരമായി മർദ്ദിച്ച കേസിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് ആക്ഷേപം. പൊലീസ് നിഷ്‌ക്രിയത്വമാണ് അക്കാഡമിയിൽ വീണ്ടും തുടർ സംഘർഷങ്ങളുണ്ടാവാൻ കാരണമെന്ന് ഒരുവിഭാഗം വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.
അതേസമയം ലാ അക്കാഡമിയിലെ സംഘർഷങ്ങളിൽ നിലവിൽ രണ്ട് പരാതികളിലുമായി 14 വിദ്യാർത്ഥികളെ പ്രതിചേർത്തിട്ടുണ്ടെന്നും എട്ടുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായും പേരൂർക്കട എസ്.എച്ച്.ഒ വി. സൈജുനാഥ് അറിയിച്ചു. കാമ്പസിലെ സ്ഥിരം പ്രശ്‌നക്കാരായ ഏതാനും വിദ്യാർത്ഥികളെ കോളേജ് അധികൃതർക്ക് പോലും ഭയമാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഓൺലൈൻ ക്ലാസുകൾ വെറും പ്രഹസനമാണെന്നും സെമസ്റ്റർ പരീക്ഷകൾ ഉൾപ്പെടെ വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അക്കാഡമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ട നടപടി തിരിച്ചടിയാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.