സാഹിത്യകാരനും പ്രഭാഷകനുമായ ഇബ്രാഹീം ബേവിഞ്ച അന്തരിച്ചു

കാസർഗോഡ്: സാഹിത്യകാരനും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിൽ തുടരുകയായിരുന്നു. കാസർഗോഡ് ചെർക്കളയിലെ ബേവിഞ്ച സ്വദേശിയാണ്. സംസ്കാരം പിന്നീട്.

കാസർഗോഡ് ജില്ലയിലെ ബേവിഞ്ചയിൽ 1954 മെയ് 30 ന് അബ്ദുള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയുടെയും മകനായാണ് ഇബ്രാഹിം ബേവിഞ്ചയുടെ ജനനം. കാസർഗോഡ് ഗവൺമെൻറ്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം നേടി. പട്ടാമ്പി സംസ്കൃത കോളേജിൽ നിന്നും മലയാളത്തിൽ ബിരദാനന്തര ബിരുദം നേടി. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ എംഫിൽ കരസ്ഥമാക്കി. 1980-81 കാലത്ത് ചന്ദ്രിക ദിനപത്രത്തിൽ സഹപ്രാധിപരായിരുന്നു. 1981 മുതൽ കാസർഗോഡ് ഗവൺമെൻറ്റ് കോളേജ്, കണ്ണൂർ വിമൻസ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. 2010 മാർച്ച് 31ന് വിരമിച്ചു.

കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിലും അംഗമാണ്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ യുജി ബോർഡ് ഓഫ് സ്റ്റഡീസിലും പിജി ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. ഉബൈദിന്റെ കവിതാലോകം, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തിൽ, ഇസ്ലാമിക സാഹിത്യം മലയാളത്തിൽ, പക്ഷിപ്പാട്ട് ഒരു പുനർവായന, പ്രസക്തി, ബഷീർ ദി മുസ്ലിം, നിള തന്ന നാട്ടെഴുത്തുകൾ , മൊഗ്രാൽ കവികൾ, പള്ളിക്കര എംകെ അഹമ്മദിന്റെ മാപ്പിളപ്പാട്ടുകൾ, പൊൻകുന്നം സെയ്ദു മുഹമ്മദിന്റെ മാഹമ്മദം എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിടി അബ്ദുറഹ്മാന്റെ കറുത്ത മുത്ത് തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് മുഖപഠനങ്ങൾ എഴുതിയിട്ടുണ്ട്.

Leave A Reply