വയനാട് ജില്ലയിലെ പുല്‍പ്പള്ളിക്കടുത്ത പെരിക്കല്ലൂരില്‍ വ്യത്യസ്ത കേസുകളിലായി കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയിലെ പുല്‍പ്പള്ളിക്കടുത്ത പെരിക്കല്ലൂരില്‍ വ്യത്യസ്ത കേസുകളിലായി കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി.  മരക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആകെ 360 ഗ്രാം കഞ്ചാവും രണ്ടുപേരില്‍ നിന്നുമായി പിടിച്ചെടുത്തു. പ്രതികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി തരിപൊയില്‍ വീട്ടില്‍ ടി.പി സായൂജ് (28) എന്നയാളില്‍ നിന്നും 210 ഗ്രാം കഞ്ചാവും, വൈത്തിരി കോട്ടപ്പടി പഴയേടത്ത് പ്രാഞ്ചി എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് ( 53) എന്നിവരില്‍ നിന്നും 150 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

കല്‍പ്പറ്റ ടൗണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന സ്ഥിരം കുറ്റവാളിയാണ് ഫ്രാന്‍സിസ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വയനാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ പി.ബി ബില്‍ജിത്തും സംഘവും, കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവും മധ്യവയസ്‌കനും പിടിയിലായത്.

അതിനിടെ കണ്ണൂർ തെക്കി ബസാർ മൊട്ടമ്മലിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ പിടിയിലായി. 24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേരാണ് കഴിഞ്ർ ദിവസം അറസ്റ്റിലായത്. സുൽത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശ്ശൂർ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി എന്നിവരാണ് പിടിയിലായത്. ചെറുകിട വിൽപ്പനക്കാർക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave A Reply