ഭക്ഷണത്തിനൊപ്പം അല്‍പം അച്ചാര്‍ തൊട്ടു നക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. ഉപ്പും എരിവുമെല്ലാം അച്ചാറിനെ രുചിയില്‍ കേമനാക്കുകയും ചെയ്യും.
ഇടയ്ക്ക് അച്ചാര്‍ കഴിയ്ക്കുന്നത് ദോഷമുണ്ടാക്കുമെന്നു പറയാനാവില്ല. എന്നാല്‍ ഇത് നിത്യവും കഴിയ്ക്കുന്നവരുണ്ട്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിലെ എണ്ണയും ഉപ്പും തന്നെയാണ് വില്ലന്മാര്‍.
ദിവസവും അച്ചാര്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ദോഷങ്ങളെക്കുറിച്ചറിയൂ,
ചില അച്ചാറുകളില്‍ അല്‍പം മധുരവുമുണ്ടാകും. ഇതിനായി പഞ്ചസാരയും മറ്റു കൃത്രിമ മധുരങ്ങളും ഉപയോഗിയ്ക്കുന്നുമുണ്ട്. ഇതുകൊണ്ടുതന്നെ അച്ചാര്‍ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുമുണ്ട്. ഇത്തരം അച്ചാറുകള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് ഗുണകരം.
അച്ചാറുകളില്‍, പ്രത്യേകിച്ചു കടകളില്‍ നിന്നും വാങ്ങുന്ന അച്ചാറുകളില്‍ ധാരാളം എണ്ണയും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ട്രൈഗ്ലിസറൈഡ് തോത് വര്‍ദ്ധിപ്പിയ്ക്കുന്നു.
ദഹന പ്രശ്‌നങ്ങള്‍ അച്ചാറുകളുണ്ടാക്കുന്ന മറ്റൊരു ദോഷമാണ്. ഇവയിലെ എരിവും എണ്ണയുമാണ് പ്രധാന കാരണം. ഇത് അധികം കഴിയ്ക്കുന്നത് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.
അച്ചാറില്‍ ധാരാളം ഉപ്പു ചേര്‍ക്കും. ഇത് ശരീരത്തില്‍ സോഡിയത്തിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കാനും ഇത് ഇട വരുത്തും. ഇത് വാട്ടര്‍ വെയ്റ്റ് വര്‍ദ്ധിപ്പിയ്ക്കും. ശരീരവും വയറും വീര്‍ത്തതായി തോന്നും.
ഉപ്പ് ബിപി വരുത്തും. ഇതുകൊണ്ടുതന്നെ ബിപിയുള്ളവര്‍ അച്ചാര്‍ ഒഴിവാക്കുക തന്നെ വേണം. ബിപി സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതിനും അധികം അച്ചാര്‍ കഴിയ്ക്കുന്നത് ഇടയാക്കും.