മൂന്ന്​ മാസംകൊണ്ട്​ 15 കിലോ കുറച്ചു; ആലിയ ഭ‌ട്ടിന്റെ ഹെൽത്ത് ടിപ്സ്, തുറന്നുപറഞ്ഞ്​ നടി

അമിതവണ്ണം കുറയ്ക്കുന്നതിന് മാത്രമല്ല ഭം​ഗിയുള്ള ആകാര വടിവിന് വേണ്ടിയും വ്യായാമവും ഡയറ്റും ചെയ്യുന്നവർ ഏറെയാണ്. ആദ്യ രണ്ടാഴ്ച്ച കൃത്യമായി ഇതെല്ലാം പിന്തു‌ടരുമെങ്കിലും പിന്നീട് മ‌ടി പതിയെ കടന്നുകൂടുകയും പ്രത്യക്ഷത്തിൽ മാറ്റങ്ങളൊന്നും കാണാതാകുന്നോടെ പാതിവഴിയിൽ ഡയറ്റും വ്യായാമവുമെല്ലാം ഉപേക്ഷിക്കുകയും ചെയ്യും. എന്നാൽ കൃത്യമായ ജീവിതരീതിയിലൂടെ ആരോ​ഗ്യകരമായ ശരീരം സ്വന്തമാക്കാമെന്ന് പറയുകയാണ് ബോളിവുഡ് ന‌‌ടി ആലിയ ഭട്ട്.

‘സ്റ്റുഡന്‍റ്​സ്​ ഓഫ്​ ദി ഇയർ’ എന്ന ചിത്രത്തിലൂടെയാണ് ആലിയ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും ചിരിയിലും ലാളിത്യമുള്ള നടി എന്ന വിശേഷണമാണ് താരത്തിന് തുടക്കകാലങ്ങളിൽ ലഭിച്ചത്. എന്നാൽ തന്റെ കരിയറിലേക്കുള്ള ആദ്യ കാൽവെയ്പ്പിന് പിന്നിൽ ആലിയ പിന്നിട്ട കടമ്പ വളരെ വലുതാണ്. അതിലൊന്നായിരുന്നു ശരീരഭാരം കുറയ്ക്കുക എന്നത്.

സ്റ്റുഡന്റ് ഓഫ് ദി ഇയറിന് മുൻപ് 69 കിലോ ഉണ്ടായിരുന്ന നടി സിനിമയ്ക്കു വേണ്ടി കുറച്ചത് 15 കിലോയാണ്, അതും മൂന്ന് മാസം കൊണ്ട്. ചിട്ടയോടെയുള്ള ജീവിതരീതി തന്നെയാണ് ഫിറ്റായ തന്റെ ശരീരത്തിന് കാരണമെന്നാണ് നടി ഒരഭിമുഖത്തിൽ പറഞ്ഞത്.

ഭക്ഷണം കഴിക്കാതെയുള്ള അനാരോഗ്യകരമായ ഡയറ്റ് പ്ലാനുകൾ വണ്ണം കുറയ്ക്കില്ലെന്നാണ് ആലിയ പറയുന്നത്. ‘ഭക്ഷണം കഴിക്കാതെയുള്ള ഡയറ്റ് വിപരീത ഫലമാണ് നൽകുക. ചെറുപ്പം മുതൽ സിനിമ എന്ന ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും ഫിറ്റ്നസിലും ആരോഗ്യത്തിലും അധികം ശ്രദ്ധിച്ചിരുന്നില്ല. എന്റെ ഉയരത്തിനും പ്രായത്തിനും വേണ്ടതിനേക്കാൾ 20 കിലോ അധികം ഭാരമുണ്ടായിരുന്നു.

ആദ്യ ഓഡിഷന് പോയ സമയത്ത് ഇതേ അവസ്ഥ തന്നെയായിരുന്നു. എനിക്കൊപ്പം 500 പെൺകുട്ടികളാണ് ഒഡിഷനിൽ പങ്കെടുത്തത്. അന്നാണ് വണ്ണം കുറയ്ക്കണമെന്ന തോന്നൽ ആദ്യമായുണ്ടാകുന്നത്. ഭാരം കുറച്ച് ഫിറ്റായതിനു ശേഷമാണ് പിന്നീട് സംവിധായകന് മുന്നിലേക്ക് പോയത്, ആലിയ പറയുന്നു.

ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിന് ആർക്കും താല്പര്യമുണ്ടാകില്ല. എന്നാൽ ഇഷ്ടമുള്ളത് കഴിക്കുന്നതിന്റെ അളവ് ക്രമപ്പെടുത്തിയുള്ള ഡയറ്റും സാധ്യമാണ് എന്നത് പലർക്കും അറിയില്ല. എന്നാലത് സാധ്യമാണെന്നാണ് ആലിയ ഭട്ട് പറയുന്നത്.

Leave A Reply