വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ചെറിയ വിജയലക്ഷ്യം

ട്രിനിഡാഡ്: വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. 32 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന് മികച്ച തുടക്കമല്ല ലഭിച്ചത്. നാലാം ഓവറിന്റെ തുടക്കത്തില്‍ തന്നെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കൈല്‍ മെയേഴ്‌സ് ഏഴ് പന്തുകളില്‍ നിന്ന് വെറും ഒരു റണ്‍ നേടി പുറത്തായി. യുസ്‌വേന്ദ്ര ചഹല്‍ എല്‍ബി വിക്കറ്റ് നേടിയാണ് മെയേഴ്‌സിനെ മടക്കിയത്. തൊട്ടടുത്ത രണ്ടാം പന്തില്‍ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗും കൂടാരം കയറി. ചഹല്‍ തന്നെയാണ് അതേരീതിയില്‍ ഇത്തവണയും വിക്കറ്റ് വീഴ്ത്തിയത്. മൂന്നാമനായി ഇറങ്ങിയ ജോണ്‍സണ്‍ ചാള്‍സും നിരാശപ്പെടുത്തി. ആറ് വിക്കറ്റില്‍ മൂന്ന് റണ്‍സെടുത്ത ചാള്‍സിനെ കുല്‍ദീപ് യാദവ് തിലക് വര്‍മയുടെ കൈകളിലെത്തിച്ചു.

പിന്നീട് ക്രീസിലൊരുമിച്ച നിക്കോളാസ് പൂരനും ക്യാപ്റ്റന്‍ റോവ്മാന്‍ പവലുമാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 34 പന്തുകളില്‍ 41 റണ്‍സെടുത്ത പൂരനെ ഹാര്‍ദിക് പാണ്ഡ്യ തിലക് വര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് മടക്കിയത്. രണ്ട് സിക്‌സും രണ്ട് ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. പകരക്കാരനായി ഇറങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ നിന്ന് 10 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സുമടക്കം 32 പന്തില്‍ നിന്ന് 48 റണ്‍സാണ് നേടിയത്. ടീം സ്‌കോര്‍ 138ലെത്തിയപ്പോഴാണ് അര്‍ഷ്ദീപ് സിംഗ് സൂര്യകുമാറിന് ക്യാച്ച് നല്‍കി പവലിനെ പുറത്താക്കുന്നത്. ആറ് പന്തില്‍ നിന്ന് നാല് റണ്‍സ് നേടി റൊമാരിയോ ഷെഫേര്‍ഡും അഞ്ച് പന്തില്‍ നിന്ന് ആറ് റണ്‍സ് നേടി ജേസണ്‍ ഹോള്‍ഡറും പുറത്താകാതെ നിന്നു. ചഹലിനും അര്‍ഷ്ദീപിനും പുറമേ ഹാര്‍ദിക്, കുല്‍ദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave A Reply