മാനന്തവാടി : എന്തെങ്കിലും ആവശ്യത്തിനായി മാനന്തവാടി നഗരത്തിലെത്തുന്നവർ കൈയിൽ ഒരുജോഡി വസ്ത്രംകൂടി കരുതുന്നത് നന്നാവും. റോഡരികിലൂടെ നടക്കുന്നസമയത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളി ദേഹത്ത് പതിച്ചേക്കാം.
നഗരത്തിലെ ഒരിടത്തും റോഡ് തകരാൻ ഇനി ബാക്കിയില്ല. അതുകൊണ്ടുതന്നെ മഴയെത്തിയതോടെ മാനന്തവാടി നഗരത്തിലൂടെയുള്ള യാത്ര തീരാദുരിതമായി മാറിയിരിക്കുകയാണ്. വേനൽക്കാലത്ത് പൊടിശല്യമായിരുന്നെങ്കിൽ ഇപ്പോൾ ചെളിയിൽകുളിച്ചാണ് മിക്കദിവസങ്ങളിലും ജനംസഞ്ചരിക്കുന്നത്.
എരുമത്തെരുവുമുതൽ മാനന്തവാടി ഗാന്ധിപാർക്ക് വരെയുള്ള ഭാഗങ്ങളിലെ റോഡിലാണ് വ്യാപകമായ കുഴിയുള്ളത്. മലയോരഹൈവേയുടെ പ്രവൃത്തി ഇവിടെ പാതിവഴിയിലായിരിക്കുകയാണ്. ജല അതോറ്റിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും ഓവുചാൽനിർമാണവും പൂർത്തിയാക്കാനുണ്ട്. മഴയ്ക്കുമുന്നേ നഗരപ്രദേശങ്ങളിലെങ്കിലും റോഡിന്റെ പണി പൂർത്തിയാക്കണമെന്ന ആവശ്യമുണ്ടായിരുന്നെങ്കിലും അത് ചെയ്യാൻ അധികൃതർ തയ്യാറായില്ലെന്നതാണ് യാഥാർഥ്യം.