മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി ഇനി കണ്ണൂരിലും; ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ വിതരണം ആരംഭിച്ചു

കണ്ണൂർ: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ’യും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയിലൂടെ ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി. കണ്ണൂർ ജില്ലയിലെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ ആവശ്യകത ഫുട്ബോൾ താരം സി കെ വിനീത് മമ്മൂട്ടിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ജില്ലയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി മമ്മൂട്ടി നൽകിയത്.

കണ്ണൂർ ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായ ഐആർപിസിയു‌ടെ( ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ) സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം വി കെ സനോജിൽ നിന്ന് ഐആർപിസി കൂത്തുപറമ്പ് സോണൽ ഭാരവാഹികളായ നഗരസഭ മുൻ ചെയർമാൻ എൻ കെ ശ്രീനിവാസൻ മാസ്റ്റർ, സോണൽ കൺവീനർ രഘുത്തമൻ എന്നിവർ ചേർന്ന് ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ആശ്വാസം. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ചടങ്ങിൽ ഐആർപിസി അംഗങ്ങളായ രാജേഷ്, ഷാജി എന്നിവരും പങ്കെടുത്തു.

Leave A Reply