പുനലൂർ : വാർഡിൽ കുടിവെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന്റെ കവാടത്തിൽ രാത്രി ഒറ്റയാൾ ഉപരോധവുമായി കൗൺസിലർ. പുനലൂർ നഗരസഭയിലെ പരവട്ടം വാർഡ് കൗൺസിലറും കോൺഗ്രസ് പ്രതിനിധിയുമായ കെ.എൻ.ബിപിൻകുമാറാണ് ഉപരോധസമരം നടത്തിയത്. ബുധനാഴ്ച വൈകീട്ട് ഏഴുമുതലാണ് ഉപരോധസമരം നടത്തിയത്.
നഗരസഭയിൽ ഏറ്റവും കൂടുതൽ ജലക്ഷാമമുള്ള വാർഡുകളിലൊന്നാണ് പരവട്ടം. ഉയർന്നപ്രദേശമായ ഇവിടെ ജലഅതോറിറ്റിയുടെ വിതരണക്കുഴലുകളിലൂടെ വെള്ളമെത്താറില്ല. ഇതിനു പരിഹാരമായി ടാങ്കർ ഘടിപ്പിച്ച വാഹനത്തിൽ നഗരസഭയാണ് ഇവിടെ ജലവിതരണം നടത്താറുള്ളത്.എന്നാൽ അടുത്തിടെയായി ഇവിടെ കൃത്യമായ ജലവിതരണം നടക്കുന്നില്ലെന്ന് ബിപിൻകുമാർ പറയുന്നു. ബുധനാഴ്ചയും വെള്ളം കിട്ടാത്തതിനെത്തുടർന്ന് പരാതിയും പ്രതിഷേധവുമായി വാർഡിലെ ജനങ്ങൾ സമീപിച്ചതിനെത്തുടർന്നാണ് ബിപിൻ രാത്രിയിൽ നഗരസഭാ കാര്യാലയത്തിൽ കുത്തിയിരിപ്പുസമരം നടത്തിയത്. പിന്നീട് പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ് ഉൾപ്പെടെയുള്ളവരെത്തി വെള്ളം ലഭ്യമാക്കാൻ നടപടി ആരംഭിച്ചു.