തൊടികളില്‍ എന്നും പ്രിയപ്പെട്ടവനാണ് വാഴ. ഒട്ടുമിക്ക ഭാഗങ്ങളും ഭക്ഷണയോഗ്യമായതിനാല്‍ എന്തുകൊണ്ടും ഗുണമുള്ള കാര്യമാണ് വാഴക്കൃഷി.
ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ് പച്ചക്കായ. പൊതുവെ കറികളിലും ചിപ്‌സ് ഉണ്ടാക്കാനും വറുക്കാനുമൊക്കെ ഉപയോഗിക്കുന്ന പച്ചക്കായ പല ആരോഗ്യപ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. പച്ചക്കായ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
ജീവകങ്ങളുടെ കലവറ
പച്ചക്കായയില്‍ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കൂടാതെ ജീവകം സി, ജീവകം ബി6 ഇവയും പച്ചക്കായയില്‍ ധാരാളമായുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് കാല്‍സ്യത്തിന്റെ ആഗിരണം എളുപ്പമാക്കുന്നു.
ഹൃദയാരോഗ്യത്തിന്
വാഴപ്പഴത്തെപ്പോലെ തന്നെ പച്ചക്കായയിലും പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് വേവിച്ച ഏത്തക്കായയില് 531 ഗ്രാം പൊട്ടാസ്യം ഉണ്ട്. വൃക്കയുടെ പ്രവര്‍ത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനും ഇത് സഹായിക്കും.