കൊല്ലം: തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ച് ബൗദ്ധികസ്വത്ത് നാട്ടിൽ തന്നെ നിലനിർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഐ. എച്ച്.ആർ.ഡി കൊട്ടാരക്കരയിൽ തുടങ്ങുന്ന ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മേഖലകളെ വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കിമാറ്റും. നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ തന്നെയാണ് ലക്ഷ്യം. ഉൽപാദനം ഉറപ്പാക്കുന്ന വർക്ക് നിയര്‍ ഹോം കേന്ദ്രങ്ങളും കൂടുതലായി കൊണ്ടുവരും. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരമാവധി വികസനം ഉറപ്പാക്കുകയും ചെയ്യും.കൊട്ടാരക്കരയിൽ പുതിയ നഴ്സിംഗ് കോളേജും തുടങ്ങും.
കൊട്ടാരക്കര ഐ എച്ച് ആർ ഡി അപ്ലൈഡ് ആർട്സ് ആന്റ് സയൻസ് കോളേജിൽ അഞ്ച് കോഴ്‌സുകൾ തുടക്കത്തിലുണ്ടാകും. ബി എ (ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ), ബി കോം (ഫിനാൻസ്), ബികോം (കോ -ഓപ്പറേഷൻ), ബിഎസ് സി (സൈക്കോളജി), ബിഎസ് സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയാണ് തുടങ്ങുക. ആർട്‌സ് ആന്റ് കൊമേഴ്‌സ് വിഭാഗങ്ങളിൽ 40 സീറ്റും സയൻസ് വിഭാഗങ്ങളിൽ 32 സീറ്റുമാണ് അനുവദിച്ചിട്ടുള്ളത്. പ്രവേശന നടപടികൾ തുടങ്ങി. ഐഎച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിലെ പുതിയ കെട്ടിടത്തിൽ ആണ് കോളേജ് പ്രവർത്തിക്കുന്നത്.
സംഘാടകസമിതി യോഗത്തിൽ കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, പൗര പ്രമുഖർ, സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.