തലോർ : ദമ്പതിമാർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് തകർന്നു. വൈദ്യുതിത്തൂൺ ഒടിഞ്ഞു. തലോർ കോൺവെന്റിനു സമീപം ബുധനാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ സ്വദേശി വിജയകുമാറും ഭാര്യയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡിനടുത്തെ കടയുടെ മുന്നിലെ പോസ്റ്റിലാണ് ഇടിച്ചത്. കടയുടെ മുൻവശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയത്ത് ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നുവെകിലും അത്യാഹിതമൊന്നുമുണ്ടായില്ല. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു. ഉച്ചയോടെ കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.