ആരോഗ്യ ഗവേഷണ രംഗത്ത് കേരളത്തിന് വ്യത്യസ്തമായ നയംവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസിത രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് സമാനമായ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തിൽ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്. ടി), കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം (കെ.എം.ടി.സി) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ബയോമെഡിക്കൽ ട്രാൻസ്ലേഷനൽ റിസർച്ച് അന്താരാഷ്ട്ര കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം രാജ്യത്ത് ഒന്നാമതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ അല്ല നമുക്കുള്ളത്. നാം നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ വികസിത രാഷ്ട്രങ്ങളുടേതിന് സമാനമാണ്. അത് സൂചിപ്പിക്കുന്നത് ആരോഗ്യ ഗവേഷണ മേഖലയിൽ ദേശീയതലത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നയമാണ് കേരളത്തിൽ വേണ്ടത് എന്നതാണ്. ആ നയം ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തവും അതേ സമയം ലോകനിലവാരത്തിലുള്ളതായിരിക്കുകയും വേണം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസിത രാഷ്ട്രങ്ങളുടെ ആരോഗ്യ ഗവേഷണ നിലവാരത്തിലേക്ക് കേരളത്തിന് ഉയരാൻ സാധിച്ചിട്ടില്ല.

നമ്മുടെ ഗവേഷണ നിലവാരം വികസിതരാഷ്ട്രങ്ങളുടെ ഒപ്പമെത്തിക്കണം എന്നാണ് സർക്കാരിന്റെ ലക്ഷ്യം. ആരോഗ്യ ഗവേഷകരുടെ ശ്രദ്ധ പതിയേണ്ട പല പ്രശ്‌നങ്ങളും കേരളത്തിൽ വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിട്ടുമാറാത്ത രോഗങ്ങളും പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങളും വർധിച്ചുവരികയാണെന്ന് പഠനങ്ങൾ കാണിക്കുന്നു. സാമ്പത്തിക അസമത്വം മൂലമുള്ള പ്രശ്‌നങ്ങൾ, പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ, അവരുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനം വികസിപ്പിക്കേണ്ട ആവശ്യകത എന്നിവയുണ്ട്. ആരോഗ്യ പരിപാലന സംവിധാനം അതിന്റെ വികസനത്തിനാവശ്യമായ പുതിയ അറിവുകൾ കണ്ടെത്തണം.

അത് കാലതാമസമില്ലാതെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും വേണം. ആ ലക്ഷ്യത്തിൽ ഊന്നിയാണ് ട്രാൻസ്ലേഷനൽ ഗവേഷണത്തിന് സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകുന്നത്. പല പ്രാദേശിക രോഗങ്ങളുടെയും മൂലകാരണം വ്യക്തമല്ല. ഇതിന് വിദഗ്ധ പഠനം വേണ്ടതുണ്ട്. ആരോഗ്യ സർവകലാശാല, സംസ്ഥാനത്തെ പ്രഗല്ഭ മെഡിക്കൽ കോളജുകൾ, നഴ്‌സിങ്ങ്, ഫാർമസി, പാരാമെഡിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണമൊരുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.
പകർച്ചവ്യാധികളെക്കുറിച്ചുള്ള അടിസ്ഥാന പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന വിധം സ്ഥാപനങ്ങൾ സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ആകുന്നത്ര കേന്ദ്രങ്ങളിൽ ബയോമെഡിക്കൽ വിഷയങ്ങളിൽ മൾട്ടി ഡിസിപ്ലിനറി ലാബുകൾ സജ്ജമാക്കും. മെഡിക്കൽ കോളജുകളിലെ ചികിത്സാ പഠനത്തിൽ ഗവേഷണം അഭിവാജ്യഘടകമാകേണ്ടത് അത്യാവശ്യമാണ്. ജീനോമിക്‌സ് പോലെയുള്ള കാതലായ വിഷയങ്ങളിലെ ഗവേഷണത്തിനായി ബയോ ബാങ്കുമായി ബന്ധപ്പെട്ട് അനന്തമായ ഡാറ്റാ സൗകര്യത്തോടു കൂടിയ അത്യാധുനിക സൗകര്യമുള്ള ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

അത്തരമൊരു ലോകോത്തര മികവിന്റെ കേന്ദ്രത്തിലേക്ക് ആരോഗ്യ ഗവേഷണ രംഗത്തെ പ്രശസ്തരായ മലയാളികളെ ആവശ്യമുണ്ട്. ആരോഗ്യ ഗവേഷണ രംഗത്ത് ആഗോള പ്രശസ്ത മലയാളികൾ ഉണ്ടെങ്കിലും അവർ ബഹുഭൂരിഭാഗവും വിദേശത്താണ്. പക്ഷേ അവരുമായി സമ്പർക്കത്തിൽ ഏർപ്പെടാനുള്ള മെഡിക്കൽ ഡാറ്റ നമുക്കുണ്ട്. കാനഡ മക്മസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ആഗോള പ്രശസ്ത കാർഡിയോളജിസ്റ്റുമായ പ്രൊഫ. സലിം യൂസഫ് അത്തരമൊരാളാണ്. കുറച്ചുനാളത്തേക്ക് സലിം യൂസഫിനെ പോലുള്ളവരുടെ സേവനം കേരളത്തിനു ലഭ്യമാക്കുന്ന തരത്തിൽ ബ്രെയിൻ ഗെയ്ൻ എന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ്.
ആഗോള പ്രശസ്തരായ ആരോഗ്യ ഗവേഷകരെ ഇങ്ങോട്ടേക്ക് വിളിച്ചുവരുത്തി നമ്മുടെ വിദഗ്ധരുമായി അവരുടെ അറിവുകൾ പങ്കുവയ്ക്കുന്ന സ്‌കോളർ-ഇൻ-റസിഡൻസ് പദ്ധതിയും നടന്നുവരുന്നു. ലോകപ്രശസ്തരായ മലയാളികൾക്ക് എന്തുകൊണ്ടാണ് ഇൻഹൗസ് എക്‌സലൻസ് കഴിയാതെ വരുന്നത് എന്ന് നാം ഗൗരവത്തിൽ ചിന്തിക്കേണ്ടതുണ്ട്. സർക്കാർ ഇവിടെ കഴിയുന്നത്ര സൗകര്യങ്ങളൊരുക്കാൻ ശ്രമിക്കുകയാണ്. ന്യൂനതകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. വളരെ വലിയ മെഡിക്കൽ ഡാറ്റാശേഖരം ഇപ്പോൾ നമുക്കുണ്ട്. സ്വകാര്യത സംരക്ഷിക്കും എന്ന് ഉറപ്പാക്കിയശേഷം അവ മികച്ച ഗവേഷണ പഠനത്തിനായി വിദഗ്ധർക്ക് ലഭ്യമാക്കണമെന്നാണ് സർക്കാർ നിലപാട്, മുഖ്യമന്ത്രി പറഞ്ഞു.

ശിൽപ്പശാലയിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ 2021 ലെ കൈരളി ഗ്ലോബൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് മുഖ്യമന്ത്രി സലിം യൂസഫിന് സമ്മാനിച്ചു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. പകർച്ചവ്യാധി രോഗങ്ങൾ, പകർച്ചവ്യാധി അല്ലാത്ത രോഗങ്ങൾ, പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ എന്നിവയെല്ലാം വളരെയധികമുള്ള സംസ്ഥാനത്ത് ട്രാൻസ്ലേഷനൽ ഗവേഷണത്തിന്റെ പ്രസക്തി വളരെയധികമാണെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതും ആയുസ്സ് നീട്ടികിട്ടുന്നതിനും ഉതകുന്ന ശാസ്ത്ര ഗവേഷണഫലങ്ങൾ അക്കാദമിക് രംഗത്ത് പരിമിതപ്പെടുത്താതെ ഏതൊരു സാധാരണക്കാരനും ലഭ്യമാകേണ്ടതുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു.

ജനങ്ങളിൽ ഊന്നിയുള്ള വൈജ്ഞാനിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് ചടങ്ങിൽ സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ കൂടിയുള്ള ഗവേഷണം എന്നതാണ് സർക്കാരിന്റെ നിലപാട്. ട്രാൻസ്ലേഷനൽ റിസർച്ചിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇതുവരെ മൂന്നു ശില്പശാലകൾ നടത്തിയിരുന്നു.

ജർമനിയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഓഫ് മെഡിസിൻ ജെയിംസ് സ്പുടിച്ച്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ രാജൻ ഗുരുക്കൾ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കെ.എം.ടി.സി സ്‌പെഷ്യൽ ഓഫീസർ സി പത്മകുമാർ, എസ്.സി.ടി.ഐ.എം.എസ്. ടി ഡയറക്ടർ സഞ്ജയ് ബെഹാരി, എന്നിവർ സംസാരിച്ചു. രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പ്രഗൽഭർ പേപ്പറുകൾ അവതരിപ്പിക്കും.

Leave A Reply