മലപ്പുറം : നഷ്ടത്തിലോടുന്ന കെ.എസ്.ആർടി.സി.ക്ക് ടൂർ പാക്കേജുകളിലൂടെ കോളടിച്ചു. ജില്ലയിൽ രണ്ടു വർഷത്തിനിടെ നടത്തിയ ടൂർ പാക്കേജുകളിലൂടെ ഒന്നരക്കോടിയുടെ വരുമാനമാണ് സ്വന്തമാക്കിയത്. 2021 ഒക്ടോബർ 31-ന് മൂന്നാർ യാത്രയിലൂടെയാണ് വിനോദയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. തുടക്കം കുറിച്ചത്. അന്നു മുതൽ ഇതുവരെ മൂന്നാർ വിനോദയാത്ര മുടങ്ങിയിട്ടുമില്ല.
വിനോദയാത്ര നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ആശയം ലഭിച്ചതും മലപ്പുറത്തു നിന്നായിരുന്നു. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി ഇക്കാലയളവിൽ 502 യാത്രകളാണ് നടത്തിയത്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള നോർത്ത് സോണിൽ വിനോദയാത്രയിലൂടെ ഇക്കാലയളവിൽ എട്ടുകോടിയുടെ വരുമാനമാണ് ലഭിച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളാണ് കൂടുതൽ യാത്ര നടത്തിയത്.മാമലക്കണ്ടം വഴിയാണ് മൂന്നാർ യാത്ര നടത്തുന്നതെന്നത് കൂടുതൽപ്പേരെ ആകർഷിക്കുന്നുണ്ട്. കാടിനെ അറിഞ്ഞുള്ള കൂടുതൽ യാത്രകൾ മലപ്പുറത്തുനിന്ന് തുടക്കം കുറിച്ചിട്ടുണ്ട്. സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് ആരംഭിച്ച പുതിയ യാത്രയും സഞ്ചാരികൾക്കിടയിൽ ഹിറ്റാണ്.
പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്കും നെല്ലിയാമ്പതിയിലേക്കുമുള്ള യാത്രകൾ ഉടനെ തുടക്കംഡ കുറിക്കും. കേരളത്തിലെ ഏത് വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും ആവശ്യാനുസരണം പാക്കേജുകളും കെ.എസ്.ആർ.ടി.സി. നടത്തുന്നുണ്ട്.