ഡൽഹി: കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്ന് കേരളത്തിലെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് രാഹുൽ നേതാക്കളോട് പറഞ്ഞു. കർണാടകയിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വൻവിജയം നേടാൻ കഴിഞ്ഞത്. അതേസമയം, മണിപ്പൂരിലെ സാഹചര്യം ഉൾപ്പെടെ വിശദീകരിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലർത്തി വേണം നേതാക്കൾ ഇടപെടാനെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് സംസ്ഥാന നേതാക്കളോട് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗയും നേതാക്കളുമായി സംസാരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഏത് തരത്തിലായിരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ഹൈക്കമാൻഡ് യോഗത്തിൽ വ്യക്തമാക്കിയെന്നാണ് വിവരം.