അമൃത് ഭാരത് പദ്ധതി; കേരളത്തില്‍ 34 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും

അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നവീകരിക്കുന്ന റെയില്‍വേസ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെപ്പറ്റി യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് റെയില്‍വേ അറിയിച്ചു.ഇതിനായി ഇന്ത്യന്‍ റെയില്‍വേ വെബ്സൈറ്റില്‍ ഫീഡ്ബാക്ക് ഫോം പ്രസിദ്ധീകരിച്ചു.കേരളത്തിലെ 34 റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 1275 സ്റ്റേഷനുകളാണ് പദ്ധതിയില്‍പ്പെടുത്തി നവീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി സ്റ്റേഷനുകളില്‍ നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, യന്ത്രഗോവണികള്‍, പാര്‍ക്കിങ് സൗകര്യം, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍, വിവരവിനിമയസംവിധാനം എന്നിവ ഒരുക്കും.പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടല്‍, കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, സ്റ്റേഷനിലേക്ക് പുതിയ റോഡ് നിര്‍മിക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.സ്റ്റേഷന്റെ രൂപകല്പന, സ്റ്റേഷനോടനുബന്ധിച്ച് വ്യാപാരകേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ അറിയിക്കാം. ഫീഡ്ബാക്ക് ഫോം https://indianrailways.gov.in/railwayboard/FeedBackForm/index.jsp എന്ന ലിങ്കില്‍ ലഭ്യമാണ്.

Leave A Reply