ഇരിട്ടി : ആറളം ഫാമിൽനിന്നുള്ള തെങ്ങിൻതൈകൾ കൃഷിഭവൻ മുഖാന്തരം വീടുകളിലേക്കെത്തുന്നു. നാളികേര വികസന പദ്ധതിപ്രകാരം 60,000 തെങ്ങിൻതൈകളാണ് കൃഷിഭവൻവഴി വിതരണംചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതിപ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തി തൈകൾ എത്തിക്കാൻ നാളികേര വികസന കൗൺസിലുമായി നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കുറ്റ്യാടി ഇനത്തിൽപ്പെട്ട തൈകളാണ് കൃഷിഭവനുകൾക്ക് നൽകുന്നത്.
കൃഷിഭവനുകൾക്ക് തൈ നൽകുന്ന വകയിൽ കൃഷി വകുപ്പിൽനിന്ന് തെങ്ങൊന്നിന് 150 രൂപയാണ് ഫാമിന് ലഭിക്കുക. കൃഷിഭവനുകൾ 50 രൂപയ്ക്കാണ് കർഷകർക്ക് തൈകൾ നൽകുന്നത്.
നൂറുരൂപയുടെ സബ്‌സിഡിയാണ് കർഷകർക്ക് ലഭിക്കുക. ഇതോടൊപ്പം കൃഷിഭവൻ മുഖാന്തരം വേപ്പിൻ പിണ്ണാക്കും വളങ്ങളും നൽകുന്നുണ്ട്.
പാക്കറ്റുകളിലാക്കിയ തൈകൾ മാത്രമാണ് ഇക്കുറി ഫാമിൽനിന്ന് വ്യക്തികൾക്ക് വിതരണംചെയ്യുന്നത്. ഇതിന് വിലയും കൂടുതലാണ്. പറിച്ചെടുത്ത് നല്കുന്ന തൈകളുടെ വില്പന ഇല്ലാതായതോടെ നഴ്‌സറിയിൽനിന്നുള്ള വരുമാനം മുൻവർഷത്തേക്കാൾ കുറയുകയുംചെയ്തു.
വൈവിധ്യവത്കരണത്തിലൂടെ നഴ്‌സറിയിൽനിന്നുള്ള വരുമാനം മൂന്നിരിട്ടിയായി വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൃഷിഭവൻ വഴി തൈകൾ നൽകാനുള്ള തീരുമാനം. നേരത്തെ സ്വകാര്യ ഫാമുകളിൽനിന്നായിരുന്നു തെങ്ങിൻതൈകൾ വാങ്ങിയിരുന്നത്. അതിന്റെ ഗുണമേന്മയിലും ഉത്പാദനക്ഷമതയിലും കർഷകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഫാമിൽനിന്നുള്ള തൈകൾ ലഭിക്കുന്നതോടെ ഇത്തരത്തിലുള്ള ആശങ്കകൾ ദുരീകരിക്കാനും കഴിയും.