പെരിങ്ങത്തൂർ : മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നിർമിച്ച മയ്യഴിപ്പുഴയിലെ ബോട്ട് ജെട്ടികൾ പ്രവർത്തനക്ഷമമാകാതെ കിടക്കുന്നു. നിർമാണം പൂർത്തിയായ ജെട്ടികളുടെ ഉദ്ഘാടനവുമില്ല, ഉദ്ഘാടനം ചെയ്തവ പ്രവർത്തിക്കുന്നുമില്ല എന്നതാണ് അവസ്ഥ. മയ്യഴിപ്പുഴയെയും വിനോദസഞ്ചാരമേഖലയിൽ ഉൾപ്പെടുത്തി 2019-ൽ തറക്കല്ലിട്ടവയാണ് ഈ ജെട്ടികൾ.

പ്രാദേശിക വിനോദസഞ്ചാര വികസനവും അനുബന്ധ തൊഴിൽമേഖലയുടെ സാധ്യതയും കണക്കിലെടുത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൻ പദ്ധതിയായിരുന്നു ഇത്. മോന്താലിലും പാത്തിക്കലിലും പരിസരങ്ങളിലും പുഴയോരത്ത് ധാരാളം വ്യാപാരസ്ഥാപനങ്ങൾ ഇതിനകം ഉയർന്നുകഴിഞ്ഞു.ന്യൂമാഹി മുതൽ പെരിങ്ങത്തൂർ വരെ ആറ് ജെട്ടികളുണ്ട്. പാനൂർ നഗരസഭയിൽപെട്ട മോന്താലിലെ ബോട്ട് ജെട്ടിയുടേയും ന്യൂ മാഹി ബോട്ട് ജെട്ടിയുടേയും ഉദ്ഘാടനം ഗംഭീരമായി തന്നെയായിരുന്നു നടന്നത്. ന്യൂമാഹിയിലും മോന്താലിലും സ്വകാര്യ സംരഭകർ ടിക്കറ്റ് വെച്ച് ബോട്ട് യാത്ര നടത്തിയിരുന്നെങ്കിലും സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാൽ അധികൃതർ തടഞ്ഞു. ഇവിടത്തെ സാഹസിക ബോട്ട് യാത്രയെക്കുറിച്ചും വ്യാപക പരാതികൾ ഉയർന്നിരുന്നു. ജെട്ടികൾ കേന്ദ്രീകരിച്ച് ചിലർ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ടായി. ഇതിനിടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ന്യൂ മാഹി ബോട്ട് ജെട്ടിയിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു.

 

Leave A Reply