കാൻസർ ബാധിതയായ 66കാരിക്ക് രക്ഷയേകി കോഴിക്കോട് ആസ്റ്റർ മിംസ്

കോഴിക്കോട് : കാൻസർ ബാധിതയായ 66 വയസുകാരിയെ എൻഡോസ്കോപ്പിക് അൾട്രാ സൗണ്ട് (ഇ.യു.എസ്) ഉപയോഗിച്ചുള്ള നൂതന ചികിത്സയിലൂടെ രക്ഷയേകി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോക്ടർമാർ.    ചെറുകുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റുന്നതിന് പകരം നൂതനമായ ഗ്യാസ്‌ട്രോ ജെജുനോസ്റ്റോമിയിലൂടെ ശസ്ത്രക്രിയ ഒഴിവാക്കിയായിരുന്നു ചികിത്സ.

പാൻക്രിയാസിനെ ബാധിച്ച കാൻസറിനെ തുടർന്നായിരുന്നു മലപ്പുറം സ്വദേശിനിയായ വയോധികയുടെ ചെറുകുടലിന്റെ തുടക്ക ഭാഗമായ ഡുവോഡിനത്തിൽ ബ്ലോക്കുണ്ടായത്. ഇതോടെ ഇവർ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയിലായി. ആമാശയത്തിലേക്ക് ഭക്ഷണം എത്താതെ വന്നതോടെ കഴിക്കുന്നത് മുഴുവൻ ഛർദ്ദിക്കുന്ന സ്ഥിതിയിലായിരുന്നു. രോഗം മൂർച്ഛിക്കുകയും അസഹനീയമായ വയറുവേദന പതിവാകുകയും  ചെയ്ത കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ .വി ഗംഗാധരന്റെ പരിശോധനയിലാണ് കാൻസറിനെ തുടർന്നുണ്ടായ ബ്ലോക്ക് കണ്ടെത്തിയത്.

രോഗിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ശസ്ത്രക്രിയ ഇല്ലാതെയുള്ള ചികിത്സാ രീതികൾ അവലംബിക്കാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. തുടർന്ന് ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ്  ഡോ. ടോണി ജോസ് നേതൃത്വത്തിൽ നടത്തിയ  ചികിത്സയിൽ ആമാശയത്തിൽ നിന്നും ചെറുകുടലിന്റെ അടുത്ത ഭാഗമായ ജെജുനത്തിലേക്ക് സ്റ്റെന്റ് സ്ഥാപിക്കുകയായിരുന്നു. എൻഡോസ്കോപ്പിക് അൾട്രാ സൗണ്ട് സ്കാനിങ്ങിന്റെ സഹായത്തോടെയായിയിരുന്നു ചികിത്സ. സങ്കീർണമായ ശസ്ത്രക്രിയക്ക് പകരം വയർ തുറക്കാതെ ഒട്ടും വേദന ഇല്ലാതെ തന്നെ ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞു എന്നത് അപൂർവ നേട്ടമാണ്. ഉത്തര കേരളത്തിൽ ആദ്യമായും ദക്ഷിണേന്ത്യയിൽ വളരെ വിരളമായും ഈ ചികിത്സ രീതി ചെയ്യുന്നത്. ഓങ്കോളജി, ഗ്യാസ്‌ട്രോ എന്ററോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളുടെ കൂട്ടായ്മയിലാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ ഈ ചികിത്സ വിജയകരമായി പൂർത്തീകരിച്ചത്.

ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം തലവൻ ഡോ. അനീഷ് കുമാർ, കൺസൾറ്റന്റുമാരായ ഡോ. ജുബിൻ കമാർ, ഡോ. ജി.എൻ ഗിരീഷ്, അനസ്തേഷ്യ വിഭാഗം തലവൻ കെ. കിഷോർ, സീനിയർ എൻഡോസ്കോപ്പിക് ടെക്‌നീഷൻ രാജീവ്, നഴ്സിംഗ് വിഭാഗത്തിൽനിന്നും സിസ്റ്റർമാരായ  ആശ മേരി, ശില്പ, എന്നിവരായിരുന്നു മെഡിക്കൽ സംഘത്തിലെ മറ്റ് അംഗങ്ങൾ.

Leave A Reply