സൗദിയിലെ കമ്പനികളിൽ, ഭൂരിഭാഗവും ചെറുകിട ഇടത്തര മേഖലയിൽ പ്രവർത്തിക്കുന്നവയെന്ന് അധികൃതർ.ഇവയിൽ 85 ശതമാനം സ്ഥാപനങ്ങൾ ഏറ്റവും ചെറിയ ഗണത്തിലുൾപ്പെടുന്നതാണെന്നും റിപ്പോർട്ട് പറയുന്നു. സൗദി സാമ്പത്തിക ആസൂത്രണ മന്ത്രാലയമാണ് രാജ്യത്തെ സംരംഭങ്ങളെ തരം തിരിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. കമ്പനികളിൽ 99.5 ശതമാനവും ചെറുകിട ഇടത്തരം വിഭാഗത്തിൽ പെടുന്നവയാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു. ഇവയിൽ 85 ശതമാനം ഏറ്റവും ചെറിയ ഗണത്തിൽ പെടുന്നവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.
ചെറുകിട സ്ഥാപനങ്ങളുടെ വർധിച്ച പങ്കാളിത്തം സ്വകാര്യ മേഖലയുടെ സുസ്ഥിരതക്ക് ഭീഷണിയാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ചെറുകിട കമ്പനികൾ രൂപീകരിച്ച് അതിന്റെ ആദ്യ വർഷങ്ങളിൽ തന്നെ തകർന്നു പോകുന്നതാണ് മുന്നറിയിപ്പിന് കാരണം. വിപണിയിൽ വൻകിട കമ്പനികളോട് മൽസരിക്കാൻ കഴിയാതെയാണ് പലപ്പോഴും ഇവ നിറുത്തേണ്ടി വരുന്നത്. ഒപ്പം വൻകിട കമ്പനികളെ അപേക്ഷിച്ച് സൗകര്യങ്ങളും ആനുകൂല്യങ്ങളും ഇവക്ക് ലഭിക്കുന്നില്ല. മിക്ക ചെറുകിട സ്ഥാപനങ്ങളും കുടുംബാധിഷ്ടിതമോ കാലാനുസൃതമോ മാത്രമായുള്ളവയാണെന്നും റിപ്പോർട്ട് പറയുന്നു.