കോഴിക്കോട്: ട്രോളിങ് നിരോധനം നീങ്ങിയിട്ടും തിരക്കൊഴിഞ്ഞ് ഹാർബറുകൾ. മീൻ തേടിപ്പോയ ബോട്ടുകൾ മടങ്ങിവന്നുതുടങ്ങിയെങ്കിലും മലബാർ മേഖലയിൽ മത്സ്യലഭ്യതയിൽ കുറവ്. ഇത്തവണ നിരോധനകാലത്തിനുശേഷം ബോട്ടുകൾ കടലിൽപ്പോയിട്ട് രണ്ടുദിവസംകഴിഞ്ഞെങ്കിലും ജില്ലയിൽ ഇതുവരെ തിരിച്ചെത്തിയത് ഏതാനും ബോട്ടുകൾ മാത്രമാണ്.
ബേപ്പൂർ ഹാർബറിൽ നാലുബോട്ടുകളാണ് മടങ്ങിയെത്തിയത്. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായാണ് രണ്ടെണ്ണം വീതമെത്തിയത്. കിളിമീനാണ് (ചുവന്ന കോര) ഇവർക്ക് കിട്ടിയത്. കുറച്ച് വലുതും ബാക്കി ഇടത്തരം വലുപ്പത്തിലുള്ളവയുമാണ്. എന്നാൽ, പുതിയാപ്പ ഹാർബറിൽ ബുധനാഴ്ച വൈകീട്ടുവരെ ഒറ്റബോട്ടും തിരിച്ചെത്തിയിട്ടില്ല.മീൻ ലഭിക്കാത്തതിനാലാണ് ബോട്ടുകൾക്ക് മടങ്ങാനാവാത്തത്. വടക്കോട്ടുപോയിട്ടും സാധാരണ ലഭിക്കുന്ന മേഖലകളിൽനിന്നൊന്നും മീൻ കിട്ടാത്തതിനാൽ പല ബോട്ടുകളും തെക്കോട്ടുനീങ്ങിയതായി തിരിച്ചെത്തിയ ബോട്ടുകളിലൊന്നിലെ സ്രാങ്കായ സിന്ധു പറയുന്നു.
ട്രോളിങ് നിരോധനം പിൻവലിച്ചശേഷം ജൂലായ് 31-ന് രാത്രിയാണ് ബോട്ടുകൾ കടലിൽപ്പോയത്. ബേപ്പൂർ ഹാർബറിൽനിന്നുമാത്രം 350-ഓളം ബോട്ടുകൾ പോയിട്ടുണ്ട്. സാധാരണയായി കിളിമീൻ കിട്ടുന്ന മേഖലകളിലേക്ക് പോകുന്നവരാണ് ആദ്യം തിരിച്ചെത്തുക. ഇതുപ്രകാരം ഓഗസ്റ്റ് ഒന്നിന് ഉച്ചയോടെ 25 ബോട്ടുകളെങ്കിലും ബേപ്പൂരിൽ തിരിച്ചെത്തേണ്ടതാണ്. എന്നാൽ, ബുധനാഴ്ച വൈകുന്നേരമായിട്ടും നാലെണ്ണം മാത്രമാണ് മടങ്ങിയെത്തിയത്.
ട്രോളിങ് നിരോധനത്തിനുശേഷം പൊതുവേ മലബാർ മേഖലയിൽ മീൻ ലഭ്യതയിൽ വൻ കുറവുവന്നിട്ടുണ്ടെന്ന് ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ പറഞ്ഞു. പൊന്നാനി ഹാർബറിലാണ് കുറച്ചുബോട്ടെങ്കിലും എത്തിയിട്ടുള്ളത്. എന്നാൽ, കൊല്ലം, കൊച്ചി, മുനമ്പം എന്നിവിടങ്ങളിലൊക്കെ ബോട്ടുകൾക്ക് ഇതിലും ഭേദപ്പെട്ടനിലയിൽ മീൻ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാധാരണയായി കിളിമീൻ ലഭിക്കുന്ന ഭാഗങ്ങളിൽനിന്ന് കിട്ടാത്തതിനാൽ മീൻതേടി മറ്റുഭാഗങ്ങളിലേക്ക് പോയതാണ് ബോട്ടുകൾ മടങ്ങിവരാൻ വൈകുന്നതിന് കാരണം. ഇങ്ങനെ വിവിധ മീനുകൾ, സാധാരണലഭിക്കുന്ന മേഖലകളിലേക്കാണ് ബോട്ടുകൾ പോയത്. ഇതിൽ കൂന്തളും മറ്റുമുള്ള മേഖലകളിലേക്ക് പോയവരാണ് ഏറ്റവുംവൈകി തിരിച്ചെത്തുക. ഇവർ ആഴ്ചകൾ കഴിഞ്ഞാണ് തിരിച്ചുവരാറ്്.