ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ പെരുന്നയിൽ; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

ചങ്ങനാശ്ശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി ഹിന്ദു സംഘടനാ നേതാക്കള്‍. ആര്‍എസ്എസ് പ്രചാരക് എസ് സേതുമാധവന്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി തുടങ്ങിയവരും അയ്യപ്പ സേവാ സമാജം നേതാവ് എസ്‌ജെആര്‍ കുമാറുമാണ് പെരുന്നയിലെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയത്.

ഗണപതിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിന് എതിരായ പ്രതിഷേധവുമായി എന്‍എസ്എസ് മുന്നോട്ടുപോകുന്നതിനിടെയാണ് കൂടിക്കാഴ്ച. ഒന്നര മണിക്കൂറോളം ഇവര്‍ ചര്‍ച്ച നടത്തി.സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തിന് എതിരെ ഏത് സംഘടനയുമായും യോജിച്ച സമരത്തിന് എന്‍എസ്എസ് തയ്യാറാണെന്ന് കഴിഞ്ഞദിവസം സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

അതേസമയം, സ്പീക്കര്‍ എഎഎന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

Leave A Reply