കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി; ബംഗളൂരു പോലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു, 16ന് ഹാജരാവാന്‍ നോട്ടീസ്

കൊച്ചി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നിന്നും ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെ കൊച്ചി പോലീസ് വിട്ടയച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 16ന് ഹാജരാവാന്‍ ആവശ്യപ്പെട്ട്, ക്രിമിനല്‍ നടപടിച്ചട്ടം 41 പ്രകാരം ഇവര്‍ക്ക് നോട്ടീസ് നല്‍കി.

ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എത്തിയവരാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടത്തിയത്. നേരത്തെ വയനാട്, മലപ്പുറം സ്വദേശികളെ അവര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കുമ്പളങ്ങി സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ നിന്നുമാണ് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയത്. ഒരാളില്‍ നിന്നും ഒരു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് മൂന്നു ലക്ഷം രൂപയും കൈപ്പറ്റി. പണം വാങ്ങിയിട്ടും വിട്ടയയ്ക്കാതായപ്പോള്‍ കുടുംബം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

കൈക്കൂലി വാങ്ങിയ പണം ഉൾപ്പെടെ ബംഗളൂരു പോലീസിലെ സിഐ അടക്കം നാലുപേരെ പിന്തുടര്‍ന്നാണ് അങ്കമാലിക്ക് സമീപം വച്ച് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പാണ് വൈറ്റ്ഫീല്‍ഡ് സൈബര്‍ പോലീസ് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാലംഗ പൊലീസ് സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം തടവു ശിക്ഷയില്‍ കുറവുള്ള കുറ്റങ്ങള്‍ക്ക് അറസ്റ്റ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചത്. ഇവരില്‍നിന്നു പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും.

Leave A Reply