വായ്പയെടുക്കാൻ നൽകിയ രേഖകൾ കാണാതായ സംഭവം; ആധാരം തിരികെ നൽകി, 17 കുടുംബങ്ങൾക്ക് ആശ്വാസം

ആലപ്പുഴ: വായ്പ എടുക്കാൻ മൽസ്യതൊഴിലാളി കൂട്ടായ്മ എസ്ബിഐൽ ഈടു നൽകി തിരികെ ലഭിക്കാതിരുന്ന 17 മൽസ്യതൊഴിലാളി കുടുംബങ്ങളുടെയും ആധാരം തിരികെ ലഭിച്ചു. ജില്ല കളക്ടർ ഹരിത വി.കുമാറിൻറെ ചേമ്പറിൽ കളക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ പി പി ചിത്തരഞ്ജൻ എം എൽ എ 17 മൽസ്യതൊഴിലാളി കുടുംബങ്ങൾക്കും ആധാരം കൈമാറി. ബാങ്കിന് ബാദ്ധ്യതകൾ ഇല്ലെന്ന സർട്ടിഫിക്കറ്റും ഇതോടൊപ്പം നൽകി .

മത്സ്യത്തൊഴിലാളി വായ്‌പ്പയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഈട് വെച്ചിരുന്ന പ്രമാണങ്ങൾ വർഷങ്ങളായി ബാങ്കിൽ കയറിയിറങ്ങിയിട്ടും തിരികെ കിട്ടാതിരുന്ന സാഹചര്യത്തിൽ, 17 കുടുംബങ്ങളിൽ നിന്നുള്ള മത്സ്യതൊഴിലാളികളുമായി പി പി ചിത്തരഞ്ജൻ എം എൽ എ ജൂലൈ 14ന് എസ്ബിഐ റീജിയണൽ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടർന്ന് ജില്ല കലക്ടർ ഇടപെട്ടു

കളക്ടറുടെ ചേമ്പറിൽ ബാങ്കിന്റെ എജിഎം , ആർഎം എന്നിവരും ഫിഷറീസ്, റവന്യൂ , രെജിസ്ട്രേഷൻ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്ത് യോഗം ചേരുകയും ജൂലൈ 31 നകം മുഴുവൻ ആളുകളുടെയും ഭൂമി സംബന്ധമായ പ്രമാണം ബാങ്ക് നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. .പത്ത് വർഷക്കാലം 17 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ബാങ്കിൽ കയറിയിറങ്ങിയിട്ടും പരിഹാരം കാണാൻ കഴിയാതിരുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമായി.

ചെട്ടികാട് കടപ്പുറത്തെ 20 പേരടങ്ങുന്ന ” സ്വാശ്രയ സംഘമാണ് 17 പേരുടെ ആധാരം ബാങ്കിൽ പണയപ്പെടുത്തി ​ വള്ളവും വലയും വാങ്ങാൻ 2005-ൽ എസ്​.ബി.ഐ ശാഖയിൽനിന്ന്​ 25 ലക്ഷം രൂപ​ വായ്പയെടുത്തത്. കടാശ്വാസ കമീഷൻ കുടിശിക തീർത്തടച്ചിട്ടും രേഖകൾ തിരികെ ലഭിക്കാതിരിക്കുകയായിരുന്നു.

Leave A Reply