കണ്ണൂര്‍: ഓണ്‍ലൈൻ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് മരക്കഷണം. കണ്ണൂര്‍ കേളകം സ്വദേശി ജോസ്മിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് 7,299 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ജോസ്മി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്.
കിട്ടിയത് പാക്കറ്റ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് അതേ വലിപ്പത്തിലുള്ള മരക്കഷണമാണ്. ഉടന്‍ തന്നെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് ഡെലിവറി ബോയ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ കിട്ടിയില്ല.
കസ്റ്റമര്‍ കെയറിലും കൊറിയര്‍ സര്‍വീസിലും വിളിച്ച് പരാതി അറിയിച്ചെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. മാത്രമല്ല, ഓര്‍ഡര്‍ കൈപ്പറ്റിയതിനാല്‍ പണം മടക്കി നല്‍കില്ലെന്നും ഓണ്‍ലൈന്‍ സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. പരാതി പോലീസ് പരിശോധിച്ചു വരികയാണ്.