തിരുവല്ല : തകർന്നുകിടക്കുന്ന പാലിയേക്കര-കാട്ടൂക്കര പാലം റോഡ് പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി സാങ്കേതികാനുമതി കാത്തുകിടക്കുന്നു. 57 ലക്ഷം രൂപയുടേതാണ് പദ്ധതി. മാർച്ച് 22-ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗം പദ്ധതി അംഗീകരിച്ചിരുന്നു. തുടർന്ന് പദ്ധതി പരിഗണിച്ച ജില്ലാ ആസൂത്രണ സമിതി ഏപ്രിൽ 20-ന് അംഗീകാരം നൽകി.
ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എൻജിനീയറാണ് സാങ്കേതികാനുമതി നൽകേണ്ടത്. ടി.എസ്. ലഭിച്ചശേഷം ടെൻഡർ നടപടികൾ തുടങ്ങും.നഗരസഭയുടെ 31, 32, 33, 35, 36 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കാലങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ പലയിടത്തും വെള്ളക്കെട്ടുമുണ്ട്. വലിയ കുഴികളുള്ള ഭാഗത്ത് മഴപെയ്താൽ തടാകം പോലെയാകും. പാലിയേക്കര പള്ളിയുടെ മുൻപിൽനിന്ന് റോഡ് തുടങ്ങുന്ന ഭാഗംമുതൽ ഗ്യാസ് ഏജൻസി ഗോഡൗൺ വഴി പാലംവരെയുള്ള ഭാഗത്താണ് തകർച്ച കൂടുതൽ. കാട്ടൂക്കര ആൽത്തറ മുതൽ ക്രൈസ്റ്റ് സ്‌കൂൾ വരെയുള്ള ഭാഗത്തും തകർച്ചയുണ്ട്.മൂന്നുകിലോമീറ്ററാണ് റോഡിന്റെ നീളം. ശരാശരി നാലുമീറ്റർ വീതിയും. തിരക്കുള്ള സമയത്ത് ബൈപ്പാസിന്റെ ഗുണംചെയ്യുന്ന പാതയാണിത്. അമ്പലപ്പുഴ സംസ്ഥാനപാതയിൽ തുടങ്ങി എം.സി.റോഡിലേക്കാണ് പാതയെത്തുന്നത്. കുരിശുകവല, കെ.എസ്.ആർ.ടി.സി., എസ്.സി.എസ്. തുടങ്ങിയ കവലകൾ ഒഴിവാക്കി മല്ലപ്പള്ളി ഭാഗത്തേക്ക് പോകാനുമാകും. സംഘടനകൾ പലവട്ടം റോഡ് പുനരുദ്ധാരണത്തിനായി സമരം നടത്തിയിരുന്നു.