തട്ടാരമ്പലത്ത് രണ്ടുനില വീടിനു തീ പിടിച്ചു; വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ചെട്ടികുളങ്ങര : തട്ടാരമ്പലം മറ്റംവടക്ക് രണ്ടുനില വീടിനു തീപിടിച്ച് വീട്ടുപകരണങ്ങളും വയറിങ്ങും പൂർണമായി കത്തിനശിച്ചു. രണ്ടു പെൺകുട്ടികൾ അടക്കം വീട്ടിലുണ്ടായിരുന്ന നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ഇളയകുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണു മറ്റം വടക്ക് മനോജിന്റെ വീടിനുള്ളിൽ തീ പടർന്നത്. മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്ന മനോജും ഭാര്യ ഷിജിയും അസാധാരണ ശബ്ദംകേട്ട് താഴേക്ക് വന്നപ്പോഴേക്കും താഴത്തെനിലയിൽ തീയും പുകയും പടരുന്നതാണു കണ്ടത്. ഉടൻതന്നെ വൈദ്യുതി വിച്ഛേദിച്ചശേഷം ഇവരും മൂത്തമകൾ സ്നേഹയും പുറത്തുകടന്നു.

നഗരസഭാ കൗൺസിലർ മേഘനാഥ് ഉൾപ്പടെയുള്ളവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും പുകപടലം മൂലം വീടിനുള്ളിൽ പെട്ടുപോയ ഇളയ മകൾ നേഹയെ പുറത്തെത്തിക്കാൻ സാധിച്ചില്ല. പതിനഞ്ചു മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ മാവേലിക്കരയിലെ അഗ്നിരക്ഷാസേനയാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഒരു മണിക്കൂറിനുള്ളിൽ തീയണക്കാൻ സാധിച്ചെങ്കിലും അപ്പോഴേക്കും വീട്ടുപകരണങ്ങൾ കത്തിച്ചാമ്പലായിരുന്നു. തീപ്പിടിത്തത്തിൽ ജനൽപ്പാളികളും കതകും കത്തുകയും ജനൽക്കമ്പികൾ ഉരുകി വളഞ്ഞുപോകുകയും ചെയ്തു. മാവേലിക്കര പോലീസും തട്ടാരമ്പലം വൈദ്യുതി സെക്‌ഷനിലെ ജീവനക്കാരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എട്ടുമാസം മുൻപായിരുന്നു ഹോട്ടൽ വ്യവസായിയായ മനോജും കുടുംബവും പുതിയവീടു പണിത് അവിടേക്കു താമസംമാറ്റിയത്. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

Leave A Reply