അർത്തുങ്കൽ ബൈപ്പാസിൽ വീണ്ടും പൈപ്പുപൊട്ടി

ചേർത്തല : നഗരത്തിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കി ദേശീയപാത അർത്തുങ്കൽ ബൈപ്പാസിൽ ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് വീണ്ടും പൊട്ടി. അറ്റകുറ്റപ്പണികൾക്കായി നഗരത്തിൽ നാലുദിവസം ശുദ്ധജലവിതരണം മുടങ്ങും. ദേശീയപാതാ വികസനത്തിനായുള്ള കരാറുകാരുടെ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്കിടെയാണു പൈപ്പുപൊട്ടിയതെന്നാണു വിമർശനം.

കഴിഞ്ഞ മൂന്നുമാസത്തിനിടെ 34 തവണയാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള നിർമാണജോലികൾ നടക്കുന്നതിനിടെ കുടിവെള്ളവിതരണ പൈപ്പ് പൊട്ടുന്നത്. നഗരത്തിൽ മാത്രം കഴിഞ്ഞമാസം മൂന്നുതവണയായി പൈപ്പു പൊട്ടി 16 ദിവസത്തോളം വെള്ളം മുടങ്ങിയിരുന്നു. ഇതിനെതിരേ വിവിധ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു.അർത്തുങ്കൽ ബൈപ്പാസിൽ ബുധനാഴ്ച ഉച്ചയോടുകൂടി യന്ത്രം ഉപയോഗിച്ച്‌ മണ്ണുമാറ്റുന്നതിനിടെയാണു പൈപ്പ് പൊട്ടിയത്. ഇവിടെ മാത്രം മൂന്നാംതവണയാണ് പൊട്ടുന്നത്. 400 എം.എം.എച്ച്.ഡി.പി.ഇ. പൈപ്പാണ് പൊട്ടിയത്. നഗരത്തിലേക്കു വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്.

തുടർച്ചയായി പൈപ്പ് പൊട്ടുന്നതിൽ ജല അതോറിറ്റി അധികൃതരും പ്രതിഷേധത്തിലാണ്. വിഷയത്തിൽ പലതലത്തിലുള്ള പരാതികളും നൽകിയെങ്കിലും പരിഹാരമാകുന്ന ഇടപെടലുകളുണ്ടായിട്ടില്ല.

 

Leave A Reply