സൗദിയിൽ ട്രോളിങ് നിരോധനത്തിന് സമാപനം.ഇനി ചെമ്മീൻ ചാകരയുടെ കാലമാണ്. കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഇനി ചെമ്മീനുകളുടെ കൊയ്ത്തുകാലമാണ്.സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ഗവർണറേറ്റിന്റെ
നേതൃത്വത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് പുതിയ ചാകരക്കാലത്തിന് തുടക്കമിടുന്നത്.
ഇത്തവണയും പതിവുതെറ്റിക്കാതെ ജുലൈ 31 അർധരാത്രിയോടെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ അമർ ബിൻ അലി അൽ മുതൈരിയുടെ ആശീർവാദത്തോടെയാണ് ബോട്ടുകൾ കടലിലേക്ക് പുറപ്പെട്ടത്.300 ലധികം ബോട്ടുകൾ കടലിൽ പോയെങ്കിലും വളരെക്കുറച്ച് ബോട്ടുകൾ മാത്രമേ പിറ്റേദിവസം ചെമ്മീനുകളുമായി തിരികെയെത്തിയത്. അധികം ബോട്ടുകളും ഉൾക്കടലിൽ ഒരാഴ്ചയിലധികം മത്സ്യബന്ധനം നടത്തിയതിനുശേഷമാണ് തിരികെയെത്തുക. അതുകൊണ്ടുതന്നെ വരും ആഴ്ചകളിലായിരിക്കും ചെമ്മീൻ വിപണി കൃത്യമായി സജീവമാവുക.