സൗദിയിൽ 14 നഗരങ്ങളിലെ 21 കേന്ദ്രങ്ങളിൽ കായിക വിനോദകേന്ദ്രങ്ങൾ ഒരുക്കുന്നു.5000 കോടി റിയാൽ ചെലവുവരുന്ന പദ്ധതി സ്വദേശികളുടെ വിനോദാനുഭവങ്ങൾ സമ്പന്നമാക്കുകയും സന്ദർശകരുടെ വരവ് വർധിപ്പിക്കുകയും ചെയ്യുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.റിയാദ്, അൽഖർജ്, മക്ക, ജിദ്ദ, ത്വാഇഫ്, ദമ്മാം, ഖോബാർ, അൽഅഹ്സ, മദീന, യാംബു, അബഹ, ജീസാൻ, ബുറൈദ, തബൂക്ക് എന്നീ നഗരങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
സൗദി അറേബ്യയിലുടനീളമുള്ള 14 നഗരങ്ങളിലാണ് സെവന്റെ വരാനിരിക്കുന്ന പദ്ധതികൾ. ഇതിൽ മദീനയിലെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. റിയാദിലെ അൽ ഹംറയിലും തബൂക്കിലും പണികൾ ഉടനെ ആരംഭിക്കും. മദീനയിലെ താമസക്കാരുടെ ജീവിതസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സാമൂഹിക ജീവിതം സമ്പന്നമാക്കുന്നതിനും ഉതകുന്ന പദ്ധതി ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്ക് നവ്യാനുഭവം പകർന്നുനൽകും.