ദുബായിൽ അടുത്ത നാലു വർഷത്തിൽ 50 സ്കൂളുകൾ പുതുതായി തുറന്നേക്കും.ഇതുവഴി ഒന്നര ലക്ഷം കുട്ടികൾക്കെങ്കിലും വിദ്യാഭ്യാസത്തിന് പുതുതായി അവസരമൊരുങ്ങും. കഴിഞ്ഞ വർഷം അവസാനം വരെ രാജ്യത്ത് പ്രവർത്തിക്കുന്ന സ്കൂളുകളുടെ എണ്ണം 1258 ആണ്. ഇത് 2027 ആകുമ്പോൾ 1308 ആയി വർധിപ്പിക്കേണ്ടിവരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. രാജ്യത്തെ ജനസംഖ്യയിൽ സ്വദേശികളുടെയും പ്രവാസികളുടെയും എണ്ണം ഓരോ വർഷവും വലിയ രീതിയിൽ വർധിക്കുന്നുണ്ട്. പ്രവാസികൾക്കിടയിൽ കുടുംബസമേതം സ്ഥിരതാമസമാക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതെല്ലാമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാഹചര്യമൊരുക്കുന്നത്.
സ്ഥാപനങ്ങൾ വർധിക്കുന്നതിനനുസരിച്ച് അധ്യാപകരടക്കമുള്ള ജീവനക്കാരുടെ ആവശ്യവും കൂടുന്നത് തൊഴിൽമേഖലയിലും ഉണർവാകും. എന്നാൽ, ഉന്നതനിലവാരമുള്ള സ്കൂളുകളിൽ അതിനനുസരിച്ച നൈപുണ്യം നേടിയ അധ്യാപകരുടെ ലഭ്യത വെല്ലുവിളിയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം യു.എ.ഇയിലെ വിദ്യാഭ്യാസത്തിന്റെ ചെലവ് അനുദിനം വർധിക്കുന്നതും വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ജി.സി.സി എജുക്കേഷൻ ഇൻഡസ്ട്രി റിപ്പോർട്ട് പ്രകാരം യു.എ.ഇയിൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് വർഷത്തിൽ ശരാശരി 45,676 ദിർഹമാണെന്ന് വ്യക്തമാക്കുന്നുണ്ട്.