വാക്കയിൽ പാലം യാഥാർഥ്യമായി മനസ്സുനിറഞ്ഞ് മനക്കോടത്തുകാർ

തുറവൂർ : പടിഞ്ഞാറെ മനക്കോടം നിവാസികളുടെ കാത്തിരിപ്പിനു വിരാമം. വാക്കയിൽ പാലം യഥാർഥ്യമായി. തുറവൂർ പഞ്ചായത്തിന്റെ പരിധിയിലെ പള്ളിത്തോടിനെയും പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ച്‌ പൊഴിച്ചാലിനു കുറുകെ നിർമിച്ച പാലം ഉടൻ നാടിനു സമർപ്പിക്കും. 2017-18 സാമ്പത്തികവർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പാലത്തിനായി 16.80 കോടിയുടെ ഭരണാനുമതിയാണു ലഭിച്ചത്.

ഇതിൽ 1.45 കോടി രൂപ ഭൂമിയേറ്റെടുക്കലിനുവേണ്ടി മാത്രമാണ് മാറ്റിവെച്ചത്. ബോസ്ട്രിങ് ആർച്ച് എന്ന നവീനരീതിയിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. പാലത്തിന് 32 മീറ്റർ നീളവും 7.50 മീറ്റർ ക്യാരേജ് വേയും രണ്ടുവശങ്ങളിലായി 1.5 മീറ്റർ വീതിയിൽ നടപ്പാതകളുമുണ്ട്. ഇരുകരകളിലുമായി 70 മീറ്റർ നീളത്തിൽ മൂന്ന്‌ അനുബന്ധ റോഡുകളുമുണ്ട്.80 മീറ്റർ നീളത്തിൽ മൂന്നു സർവീസ് റോഡുകളും ഉൾപ്പെടുത്തി. അപ്രോച്ച് റോഡു നിർമാണത്തിനായി തുറവൂർ തെക്ക് വില്ലേജിൽനിന്ന്‌ 82 സെന്റ്‌ സ്ഥലം ഏറ്റെടുത്തു. 2019 സെപ്‌റ്റംബറിൽ മന്ത്രിയായിരുന്ന ജി. സുധാകരനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.

ഒറ്റപ്പെട്ടുകിടക്കുന്ന പടിഞ്ഞാറെ മനക്കോടത്തെ വാക്കയിൽ കോളനിയെ മൂലേക്കളം, തുറവൂർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യം എ.എം. ആരിഫ് എം.പി. മുൻകൈയെടുത്താണ് യാഥാർഥ്യമാക്കിയത്.

പാലം യാഥാർഥ്യമാകുന്നതോടെ ഇതുവഴി തുറവൂർ, കുത്തിയതോട്, എറണാകുളം ഭാഗത്തേക്ക് വാക്കയിൽ പ്രദേശവാസികൾക്ക് എളുപ്പത്തിൽ എത്താനാകും.

Leave A Reply