തിരുവനന്തപുരം: മിത്ത് വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ പറയുമ്പോൾ വിവാദമാക്കുകയും മറ്റ് ചിലർ പറയുമ്പോൾ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ആ നിലപാട് ശരിയല്ല. ‘വിഷയം വിവാദമാണെങ്കിൽ അത് ആദ്യം തുടങ്ങിയത് സയൻസ് കോൺഗ്രസിൽ അല്ലേയെന്നും മന്ത്രി ചോദിച്ചു. സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാകാൻ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിത്ത് വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്നും പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാര്‍ പറഞ്ഞു.