കൊട്ടാരക്കര : ഗണപതി മിത്താണെന്ന സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസ്. താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ വിശ്വാസസംരക്ഷണദിനാചരണവും നാമജപയാത്രയും നടത്തി.
മണികണ്ഠനാൽത്തറയിൽനിന്നു മഹാഗണപതിക്ഷേത്രത്തിലേക്ക് ബുധനാഴ്ച രാവിലെമുതൽ പല സംഘങ്ങളായി നടത്തിയ പ്രതിഷേധ നാമജപയാത്രയിൽ നൂറുകണക്കിനു സമുദായാംഗങ്ങളും വിശ്വാസികളും പങ്കെടുത്തു. വിശ്വാസസംരക്ഷണദിനാചരണം താലൂക്ക് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഗണേശമന്ത്രങ്ങളും സ്തുതികളും ജപിച്ചു ക്ഷേത്രത്തിനു വലംവെച്ചു തൊഴുത ഭക്തർ പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രത്തിലും ദർശനം നടത്തിയാണ് മടങ്ങിയത്. താലൂക്ക് യൂണിയനിലെ എല്ലാ കരയോഗങ്ങളിൽനിന്നും കരയോഗം ഭാരവാഹികളും വനിതാസമാജം പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തതായി യൂണിയൻ സെക്രട്ടറി പറഞ്ഞു.