മുതലപ്പൊഴി: പാറയും മണലും നീക്കം ചെയ്യൽ ആരംഭിച്ചു

ചിറയിൻകീഴ് : മുതലപ്പൊഴി അഴിമുഖത്ത് അപകടമുണ്ടാക്കുംവിധം വീണുകിടക്കുന്ന കൂറ്റൻ കരിങ്കല്ലുകളും മണലും നീക്കംചെയ്യുന്ന പ്രവൃത്തികൾക്ക് ബുധനാഴ്ച തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം അദാനി തുറമുഖ കമ്പനിയാണ് പ്രവൃത്തികൾ നടത്തുന്നത്. ചൊവ്വാഴ്ച തന്നെ അദാനി തുറമുഖ കമ്പനി പ്രവൃത്തികൾ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും ഒരു ദിവസം വൈകി ബുധനാഴ്ച ഉച്ചയോടെയാണ് കല്ല് നീക്കം ചെയ്യൽ ആരംഭിച്ചത്.

നാഗർകോവിലിൽ നിന്നും വിഴിഞ്ഞത്തെത്തിച്ച ഫറാന ലോങ് ബും ക്രെയിൻ ഉപയോഗിച്ചാണ് പാറക്കൂട്ടങ്ങൾ എടുത്തുമാറ്റുന്നത്. വിഴിഞ്ഞത്തുനിന്നും പുലർച്ചെ 4.30-ന് മുതലപ്പൊഴിയിലെത്തിച്ച ക്രെയിൻ പിന്നീട് നാലുമണിക്കൂറെടുത്താണ് പുലിമുട്ടിലൂടെ അഴിമുഖത്തിന് സമീപമെത്തിച്ചത്. 21 ടണ്ണോളം ഭാരം ഉയർത്താൻ ശേഷിയുള്ള ക്രെയിനാണ് എത്തിച്ചിട്ടുള്ളത്. നിലവിൽ പുലിമുട്ടുകളിൽ ഉപയോഗിച്ചിരിക്കുന്ന കോൺക്രീറ്റ് ടെട്രാപോഡുകൾക്ക് എട്ട് ടൺ ഭാരമാണുള്ളത്.ആദ്യഘട്ടത്തിൽ തെക്കുഭാഗത്തുള്ള പുലിമുട്ടിൽ നിന്നുള്ള കല്ലുകളാണ് അഴിമുഖത്തുനിന്നും നീക്കം ചെയ്യുന്നത്. പ്രവൃത്തി തുടരുന്നതിനിടയിൽ കല്ലുകൾ വലിച്ചെടുക്കാനുപയോഗിച്ച റോപ്പ് പൊട്ടിയത് ആശങ്കയുണ്ടാക്കി. എന്നാൽ ഏറെ വൈകാതെ പ്രശ്‌നം പരിഹരിച്ച് പ്രവൃത്തികൾ മുന്നോട്ടുപോയി.

 

Leave A Reply