തൊഴില്‍തീരം പദ്ധതി കാസർഗോഡ് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ കൂടി നടപ്പിലാക്കും

കാസര്‍കോട് തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന തൊഴില്‍തീരം പദ്ധതി ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ കൂടി നടപ്പിലാക്കുന്നു. നേരത്തെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം മാത്രമായിരുന്നു പദ്ധതിക്കായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഉദുമ, തൃക്കരിപ്പൂര്‍, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ കൂടി തൊഴില്‍തീരം പദ്ധതി നടപ്പിലാക്കും.

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവര്‍ധനയും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയര്‍ച്ചയും ലക്ഷ്യമിട്ട് കേരള നോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തൊഴില്‍ പദ്ധതിയാണ് തൊഴില്‍തീരം.

മത്സ്യതൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള തൊഴിലന്വേഷകരായ മുഴുവന്‍ ആളുകള്‍ക്കും പദ്ധതി മുഖേന തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും. നോളജ് മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തവരും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി പ്രത്യേക നൈപുണ്യവും തൊഴില്‍ പരിശീലനവും നല്‍കും. തുടര്‍ന്ന് ജില്ലാതല തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് തൊഴിലവസരം ഒരുക്കും.

മത്സ്യബന്ധന സമൂഹത്തിലെ പ്ലസ്ടു തത്തുല്യ അടിസ്ഥാന യോഗ്യതയുള്ളവര്‍, മത്സ്യബന്ധന സമൂഹത്തിലെ 18- 40 വയസ്സിനിടയിലുള്ള യുവതീ യുവാക്കള്‍, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍. സ്വകാര്യമേഖല, റിമോട്ട്, ഹൈബ്രിഡ്, എം.എസ്.എം.ഇ, സ്റ്റാര്‍ട്ടപ്, പാര്‍ട്ട് ടൈം, പ്രോജക്ടുകള്‍, ഫ്രീലാന്‍സ് തുടങ്ങിയ മേഖലകളിലായിരിക്കും ജോലി.

Leave A Reply