പ്രത്യേക ദിവസങ്ങളിൽ മാത്രം കേരളത്തിലെത്തും; തിരഞ്ഞെടുത്ത ആഡംബര വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി മടങ്ങും; പ്രതി പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണ മേഖലയിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 90 പവനോളം സ്വർണമാണ് സംഘം ഇവിടെ നിന്നും കവർച്ച നടത്തിയത്. സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി നൗഫൽ, സ്വർണം വിൽക്കാൻ സഹായിച്ച പട്ടാമ്പി സ്വദേശി ബഷീർ എന്നിവരാണ് പിടിയിലായത്. പശ്ചിമ ബംഗാളിൽ താമസമാത്തിയ നൗഫൽ ഇടയ്‌ക്കിടെ മാത്രമാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ വേളയിൽ ആഡംബര വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.

ഇക്കഴിഞ്ഞ ജൂൺ 11-നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിൽ വീട്ടുകാർ പുറത്ത് പോയസമയത്ത് പ്രതികൾ ഇവിടെ മോഷണം നടത്തുന്നത്. രാത്രിയിൽ പിറക് വശത്തെ വാതിൽ തകർത്താണ് വീടിനുള്ളിൽ കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷണ സംഘം കവർന്നു. മുതുകുർശ്ശി എളാടും സമാനരീതിയിൽ സ്വർണാഭരണങ്ങളും പണവും മോഷണം പോയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ മുൻ കുറ്റവാളികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. അന്വേഷണത്തിൽ പ്രതിയായ മൂവ്വാറ്റുപുഴ സ്വദേശി നൗഫലിനെക്കുറിച്ച് സൂചന ലഭിച്ചു. എന്നാൽ സ്വന്തം നാടുമായും വീടുമായും ഒരു തരത്തിലുള്ള ബന്ധവും പ്രതിക്കുണ്ടായിരുന്നില്ല. ഇതിനാൽ തന്നെ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ചെന്നൈ,കൊയമ്പത്തൂർ റെയിൽവേ സ്റ്റേഷനുകളിലും ട്രയിനിലും ഇയാളുടെ സാന്നിദ്ധ്യം സംബന്ധിച്ച വിവരം ലഭിച്ചിരുന്നു.

ഉത്തരേന്ത്യയിലേക്കുള്ള ലോറികളിൽ മുൻപ് ഡ്രൈവറായി ജോലിചെയ്തിരുന്ന ഇയാൾക്ക് അഞ്ച് ഭാഷകൾ അനായാസം സംസാരിക്കാൻ കഴിയുമെന്നുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ ബംഗാളിൽ നിന്ന് പ്രതി ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തി മോഷണം നടത്തുവെന്ന കാര്യം കണ്ടെത്തുന്നത്. ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തെരഞ്ഞെടുക്കാറുള്ളത്. ഖത്തറിലെ ബിസിനസുകാരനെന്ന വ്യാജേനയാണ് നൗഫൽ സേഖ് എന്ന പേരിൽ ഇയാൾ പശ്ചിമ ബംഗാളിൽ താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

Leave A Reply