തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശ മേഖലകളിൽ ഡെങ്കിപ്പനി പടരുന്നു. ഈ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കടക്കം പനി ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ തിരുവനന്തപുരത്തെ തീരമേഖലയിൽ മാത്രം പനി ബാധിച്ചത് ഇരുപത്തിയഞ്ച് പേർക്കാണ്.സംസ്ഥാനത്ത് തീരദേശ മേഖലയിൽ ഡെങ്കിപ്പനി ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരത്തെ തീരമേഖലയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ ഡെങ്കിപ്പനി ബാധിച്ചത് ഇരുപത്തിയഞ്ച് പേർക്കാണ്. ആരോഗ്യ പ്രവർത്തകരടക്കം ചികിത്സയിൽ കഴിയുന്നതിൽ രോഗികളെ ചികിത്സിക്കാൻ ആളില്ലാത്ത സാഹചര്യമാണ്. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നത് തടയാൻ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന നഗരസഭയുടെ ആരോഗ്യ വിഭാഗം നിർദേശം നൽകുന്നതല്ലാതെ തടയാനുള്ള നടപടികൾ തീരദേശ മേഖലയിൽ സ്വീകരിക്കുന്നില്ല.
ഡ്രൈ ഡേ പ്രവർത്തനങ്ങളും ഫോഗിങ്ങും നിലച്ചതും ശുചിത്വ തീരദേശപദ്ധതി കടലാസുകളിൽ മാത്രം ഒതുങ്ങിയതും തീരദേശ വാർഡുകളെ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നുമുള്ള നിർദ്ദേശം അടുത്തിടെയും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനത്തിന് നൽകിയിരുന്നു.