തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് നിയന്ത്രണംവിട്ടെത്തിയ കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ കവിയൂർ ഇഞ്ചത്തടിയിൽ സന്തോഷ്, ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന കവിയൂർ ചെറുതറയിൽ വീട്ടിൽ സി.കെ ലത, അമിത്, ആദിദേവ്, ബൈക്ക് യാത്രക്കാരായ ഓതറ തൈമരവുംകര തോപ്പിൽ ദേവപ്രഭയിൽ വിജയലക്ഷ്മി, പ്രഭകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
തോട്ടഭാഗം ജങ്ഷന് സമീപം ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ മാരുതി വാഗൺആർ കാർ എതിർദിശയിൽ നിന്ന് എത്തിയ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. പൊൻകുന്നം സ്വദേശി ജയ്സ് പീറ്റർ ഓടിച്ചിരുന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്.
അപകടത്തിൽ പരിക്കേറ്റ ആറുപേരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് അപകടത്തിനിടയാക്കിയ ജയ്സ് പീറ്ററിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.