യുവാവിനെ മർദിച്ചവശനാക്കി കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാൾകൂടി പിടിയിൽ
കൊച്ചി: യുവാവിനെ മർദിച്ചവശനാക്കി കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാൾകൂടി പിടിയിൽ. എറണാകുളം താന്തോണിത്തുരുത്ത് ചുങ്കത്തു വീട്ടിൽ ശ്രീരാജിനെയാണ് സെൻട്രൽ പൊലീസിന്റെ സഹായത്തോടെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ പരാതിക്കാരനെ മയക്കുമരുന്ന് നൽകാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് മേയ് അഞ്ചിന് രാത്രി മുളവുകാട് പൊന്നാരിമംഗലം കരയിൽ ബോട്ടുജെട്ടിക്ക് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്ക് നിർബന്ധിച്ച് വിളിച്ചു വരുത്തി.
മദ്യം കൊടുത്തശേഷം മുറിയില് പൂട്ടിയിട്ട് കാല് തല്ലിയൊടിക്കുമെന്നും കൊന്ന് കായലിൽ തള്ളുമെന്നും ഭീഷണിപ്പെടുത്തി യുവാവിെന്റ മൊബൈൽ ഫോണിലൂടെ 2500 രൂപ ഗൂഗിൾ പേ വഴി വാങ്ങിച്ചെടുത്തു. ഫോണും പഴ്സും അതിലുണ്ടായിരുന്ന 1500 രൂപയും കവർന്നെടുക്കുകയും ചെയ്തു. പിറ്റേദിവസം പുലർച്ചെ വീടിന്റെ പിൻഭാഗത്തുകൂടി രക്ഷപെട്ട യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളായ മുളവുകാട് സ്വദേശികളായ അക്ഷയ്, ഫ്രാൻസിസ് ജോസഫ്, സാജു, ആന്റണി ലൂയിസ് കൊറേയ, എബെനെസർ എന്നിവരെ അറസ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ, ശ്രീരാജ് ഒളിവിൽ പോകുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെത്തിയ ശ്രീരാജ് നഗരത്തിലെ ബാറിൽ വച്ചു പ്രശ്നമുണ്ടാക്കുകയും തുടർന്ന് വിവരം അറിഞ്ഞ മുളവുകാട് പോലീസ് സെൻട്രൽ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.എറണാകുളം, ഞാറക്കൽ, എറണാകുളം സെൻട്രൽ,എറണാകുളം നോർത്ത്, മുളവുകാട് എന്നീ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പന്ത്രണ്ടോളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ശ്രീരാജ്.