വൈപ്പിൻ: 52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞു രണ്ടുദിവസം പിന്നിടുമ്പോൾ ഹാർബറുകളിൽ കിളിമീനുമായി കൂടുതൽ ബോട്ടുകൾ എത്തിത്തുടങ്ങി. കിളിമീൻ ലഭ്യത വർധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ 120-130 രൂപയുണ്ടായിരുന്ന കിളിമീൻ വില 40 രൂപയായി കുറഞ്ഞു. മുനമ്പം ഹാർബറിൽ ചൊവ്വാഴ്ച ഉച്ചയോടെ രണ്ട് ബോട്ടുകളാണ് ആദ്യം അടുത്തത്. പിന്നീട് ഉച്ചതിരിഞ്ഞ് മറ്റു രണ്ടെണ്ണംകൂടി തീരമണഞ്ഞു.
ഒരു ബോട്ടിനുമാത്രം നാലു ലക്ഷം രൂപയുടെ കിളിമീൻ ലഭിച്ചു. ആദ്യ ദിനത്തിൽ കിലോക്ക് 120 മുതൽ 140 രൂപ വരെ വിലയിലാണ് മത്സ്യം ലേലത്തിൽ പോയത്. രാത്രിയോടെ മുനമ്പത്ത് കൂടുതൽ ബോട്ടുകൾ എത്തിത്തുടങ്ങി. അതേസമയം ചെമ്മീൻ തേടിപ്പോയ ബോട്ടുകൾ വെള്ളിയാഴ്ചയോടെയും കണവ തേടിപ്പോയ ബോട്ടുകൾ ഒരാഴ്ച കഴിഞ്ഞുമേ തീരമണയൂ.