മുട്ടം: വഴിയോരങ്ങളിലെ അപകടസാധ്യതകൾ കൂടിവരുമ്പോഴും അധികൃതർ കണ്ണു തുറക്കുന്നില്ല. ഡ്രൈവർമാരുടെ കണ്ണ് ഒന്ന് തെറ്റിയാൽ, കാറ്റ് ആഞ്ഞ് വീശിയാൽ റോഡിൽ ഉണ്ടാവുക വലിയ അപകടങ്ങളാവും. ആയിരക്കണക്കിന് ജനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന മുട്ടത്ത് ടെലിഫോൺ കാലിെൻറ ചുവട് ഇളകിനിൽക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. നല്ലൊരു കാറ്റ് വീശിയാലോ വഴിയാത്രക്കാരൊന്ന് തൊട്ടാലോ ഈ തൂൺ റോഡിലേക്ക് വീഴും. തിരക്കേറിയ റോഡിലേക്ക് പത്ത് അടിയോളം ഉയരമുള്ള തൂണ് വീണാൽ വലിയ അപകടം സംഭവിക്കും.
മൂലമറ്റം റൂട്ടിലെ ബസ് സ്റ്റോപ്പിൽ ഓടക്ക് മുകളിലെ സ്ലാബ് തകർന്നിട്ട് മാസങ്ങളായി. ഇരുമ്പ് കമ്പികൾ ഉയർന്നു നിൽക്കുന്ന മറ്റൊരു സ്ലാബ് ഇട്ടാണ് ഇത് അടച്ചിട്ടുള്ളത്. കമ്പികൾ കാൽനടക്കാരുടെ കാലിൽ കൊള്ളാതിരിക്കാൻ കുപ്പികൾ അതിൽ തിരുകിവെച്ചിരിക്കുന്നു. തൊട്ടപ്പുറത്ത് എം.എം ആശുപത്രിക്ക് സമീപം മൂന്ന് അടിയിലധികം താഴ്ചയിലാണ് റോഡ് തകർന്ന് കിടക്കുന്നത്. തുടങ്ങനാട് സ്പൈസസ് പാർക്കിലേക്ക് വൈദ്യുതി കൊണ്ടുപോകാൻ കുഴിച്ച കുഴിയാണിത്. കഴിഞ്ഞ ദിവസം ചരക്ക് ലോറി ഇതിൽ വീണ് ചരിഞ്ഞിരുന്നു. ഇതിന് മുന്നിൽ ഒരു കോൺ സ്ഥാപിച്ചതല്ലാതെ കുഴി മൂടാൻ അധികൃതർ തയാറായില്ല.
ഇത്തരത്തിൽ ചെറുതും വലുതുമായ അനവധി കുഴികൾ വേറെയും ഉണ്ട്. റോഡ് പൊളിക്കുന്നതിന് മുമ്പുതന്നെ സ്പൈസസ് ബോർഡ് അധികൃതർ പൊതുമരാമത്ത് വകുപ്പിന് പണം നൽകിയതാണ് എന്ന് പറയുന്നു. പെട്രോൾ പമ്പിന് സമീപത്തെ കുഴി നികത്താൻ നാളിതുവരെ ശ്രമം ഇല്ല. നിരന്തര വാർത്തകളെത്തുടർന്നും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നും ഗവ. ആശുപത്രിക്ക് സമീപത്തെ മൂടിയ കുഴി വീണ്ടും പ്രത്യക്ഷപ്പെട്ടു. മുട്ടത്തിന് അരക്കിലോമീറ്റർ ചുറ്റളവിലെ മാത്രം കാര്യമാണ് ഇത്. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ ഏറ്റവും തിരക്കുള്ള കവലയാണ് മുട്ടം. ഇവിടെ മാത്രം അപകടക്കെണികൾ അനവധിയാണ്.