അബുദാബി: മത നേതാക്കൾക്ക് അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനും പുതിയ കർമ പദ്ധതികൾ പ്രഖ്യാപിക്കാനും മത സമ്മേളനം വേദിയൊരുക്കുമെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ മതങ്ങളെ മുന്നണിയിലേക്കു കൊണ്ടു വരാൻ യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മത സമ്മേളനത്തിനു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കാലാവസ്ഥ വ്യതിയാനങ്ങൾ ചെറുത്തു തോൽപിക്കാൻ രാഷ്ട്രങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെ മത നേതാക്കളുടെ ആത്മാർഥമായ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സമ്മേളനത്തിൽ എല്ലാ മതവിഭാഗങ്ങളെയും ഉൾപ്പെടുത്തണം. അവരുടെ ആശയങ്ങൾ പുതിയ ദിശാബോധം നൽകാൻ സഹായിക്കുമെന്നും ഷെയ്ഖ് നഹ്യാൻ പറഞ്ഞു.