സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ 14ാം വാർഷികം ആഘോഷിച്ചു

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ് പി സി) പദ്ധതിയുടെ 14ാം വാർഷികദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് പതാക ഉയര്‍ത്തി. ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പൈനാവ് എംആര്‍എസിലെ എസ് പി സി കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന മുഖാമുഖത്തില്‍ ലഹരി വിപത്തുകള്‍, വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ ഗെയിം അടിമത്തം, ഇന്റര്‍നെറ്റ് അപകടങ്ങള്‍ എന്നിവക്കെതിരെ കേഡറ്റുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടന്നു.

നല്ല ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ എസ്പിസിയുടെ പങ്കിനെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി കേഡറ്റുകളോട് സംവദിച്ചു. വിദ്യാര്‍ഥികളില്‍ അച്ചടക്കവും ലക്ഷ്യബോധവും സേവനസന്നദ്ധതയും പൗരബോധവും ലഹരിക്കെതിരെയുള്ള ജീവിതശൈലിയും പ്രകൃതിസ്‌നേഹവും നിയമങ്ങള്‍ അനുസരിക്കാനുള്ള മനോഭാവവും വളര്‍ത്തിയെടുക്കുന്നതിന് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ 2010 ആഗസ്റ്റ് രണ്ടിനാണ് സംസ്ഥാനസര്‍ക്കാര്‍ 125 സ്‌കൂളുകളില്‍ എസ് പി സി പദ്ധതി ആരംഭിച്ചത്. നിലവില്‍ 1000 സ്‌കൂളുകളിലേക്ക് വ്യാപിച്ച് എസ് പി സി പദ്ധതി രാജ്യത്തിന് തന്നെ മാതൃകയായി മാറി. സംസ്ഥാനത്ത് നിലവില്‍ 88,000 കേഡറ്റുകള്‍ ഒരു വര്‍ഷം പരിശീലനം നടത്തുന്നുണ്ട്.

ഇടുക്കി ജില്ലയില്‍ ആറ് യൂണിറ്റുകളുമായി ആരംഭിച്ച എസ് പി സി പദ്ധതിക്ക് നിലവില്‍ 46 യൂണിറ്റുകളുണ്ട്. ജില്ലയില്‍ 4075 കേഡറ്റുകളും 92 അധ്യാപകരും, 92 ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരും (പൊലീസ് ഉദ്യോഗസ്ഥര്‍) പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലയില്‍ 46 യൂണിറ്റുകളിലും എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തല്‍, സാംസ്‌കാരിക പ്രവർത്തകരുമായുള്ള അഭിമുഖം, ലഹരിക്കെതിരായ ബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന ഫ്ലാഷ് മോബുകള്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലാതല ആഘോഷ പരിപാടികള്‍ക്ക് ജില്ലാ നോഡല്‍ ഓഫീസറും നര്‍ക്കോട്ടിക് ഡിവൈ.എസ്.പിയുമായ മാത്യു ജോര്‍ജ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ് ആര്‍ സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply